ബിഹാറിലെ ലഖിസരായി ജില്ലയിലെ പ്രശസ്തമായ അശോക് ധാം ശിവക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹേമലത ദേവി, ലളിത ദേവി, റിങ്കു ദേവി, മൻമാല ദേവി എന്നിവരുൾപ്പെടെ 7 പേർ ദാരുണമായി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച ഈ ദുരന്തം ഉണ്ടായത്.
ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ചയായ ഇന്ന് ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തുമായി തടിച്ചുകൂടിയിരുന്നത്. രാവിലെ 6:30-നും 6:45-നും ഇടയിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ എത്തിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി വർദ്ധിക്കുകയായിരുന്നു. ഇതിനിടയിൽ ക്ഷേത്രത്തിന് പുറത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ലൈനും പൊട്ടിവീണെന്നും, ലൈനിൽ നിന്ന് ഷോക്കേൽക്കുന്നുവെന്ന തരത്തിൽ തെറ്റായ പ്രചാരണം ഉണ്ടായതും ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി.
പരിഭ്രാന്തരായ ജനങ്ങൾ തിക്കിത്തിരക്കി ഓടാൻ ശ്രമിച്ചതോടെ ക്ഷേത്രത്തിലെ സുരക്ഷാ ബാരിക്കേഡുകൾ തകരുകയും, ഭക്തർ പരസ്പരം മറിഞ്ഞുവീഴുകയുമായിരുന്നു. ഭൂരിഭാഗം പേരും ശ്വാസം കിട്ടാതെയും ചവിട്ടേറ്റുമാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൻതോതിൽ ജനങ്ങൾ എത്തുന്ന ആഘോഷവേളകളിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.