Blog Post

Karanavars > News > Career > അവിശ്വാസം നേരിടാൻ ‘ജന്തര്‍ മന്തര്‍ സീസണ്‍ 2’: സൂചന നൽകി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ

അവിശ്വാസം നേരിടാൻ ‘ജന്തര്‍ മന്തര്‍ സീസണ്‍ 2’: സൂചന നൽകി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ

രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മയും രാഷ്ട്രീയ അവഗണനയും ലക്ഷ്യമിട്ട് രൂപംകൊണ്ട ‘കോക്രോച്ച് ജനത പാർട്ടി’ (CJP) വീണ്ടും പ്രക്ഷോഭങ്ങൾക്ക് കളമൊരുക്കുന്നു. പാർട്ടി വോളണ്ടിയർമാരുടെ യോഗത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്ന്, ഏറെ ചർച്ച ചെയ്യപ്പെട്ട പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാകുമെന്ന നിർണായക സൂചന പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ നൽകി. ഇന്നലെ (ബുധനാഴ്ച) ഡൽഹിയിൽ നടന്ന സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്.

ഡൽഹിയിലെ നാരൈനയിൽ നിശ്ചയിച്ചിരുന്ന സി.ജെ.പി വോളണ്ടിയർമാരുടെ യോഗം അവസാന നിമിഷമാണ് റദ്ദാക്കപ്പെട്ടത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് ഹാൾ ഉടമകൾ ബുക്കിംഗ് റദ്ദാക്കിയതെന്ന് അഭിജീത് ദീപ്‌കെ ആരോപിച്ചു. യോഗം നടത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഉടമകൾക്ക് ഭീഷണി ലഭിച്ചതായും അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ യുവജനങ്ങളെയും അവരുടെ രാഷ്ട്രീയ അവകാശങ്ങളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ‘ജന്തർ മന്തർ’ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം എപ്പോഴാണെന്ന് നിരന്തരം ചോദിക്കുന്ന യുവജനങ്ങൾക്ക് മറുപടിയായാണ് ദീപ്‌കെ ഈ പ്രഖ്യാപനം നടത്തിയതത്. എന്നാൽ ‘സീസൺ 2’-ൽ ഏതെല്ലാം നിർണായക വിഷയങ്ങളാണ് പാർട്ടി ഉയർത്തിപ്പിടിക്കുകയെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്കോ ഭീഷണികൾക്കോ മുന്നിൽ തങ്ങൾ മുട്ടുകുത്തില്ലെന്നും, യുവജനങ്ങളുടെ ശബ്ദം ഉയർത്താൻ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സി.ജെ.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി യുവജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പുതിയ ക്യാമ്പെയ്നുകൾക്ക് സി.ജെ.പി തുടക്കമിടുമ്പോൾ, രാഷ്ട്രീയ നിരീക്ഷകരും ഭരണകേന്ദ്രങ്ങളും ഒരുപോലെ ഉറ്റുനോക്കുന്നത് ഈ പുതിയ പ്രക്ഷോഭ പരമ്പരയിലേക്കാണ്.

Leave a comment

Your email address will not be published. Required fields are marked *