Blog Post

Karanavars > News > Goverment > തീരദേശത്ത് സര്‍ക്കാരിന്റെ കരുതല്‍ വേണം: ബിഷപ്പ് ഡോ. ആന്റണി വാലുങ്കല്‍

തീരദേശത്ത് സര്‍ക്കാരിന്റെ കരുതല്‍ വേണം: ബിഷപ്പ് ഡോ. ആന്റണി വാലുങ്കല്‍

കടലില്‍ ജീവിതം പണയം വെച്ച് പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സര്‍ക്കാരിന്റെ ശക്തമായ പിന്തുണ അനിവാര്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ഡോ. ആന്റണി വാലുങ്കല്‍ വ്യക്തമാക്കി. വര്‍ഷകാലങ്ങളില്‍ വറുതിയിലാകുന്ന തീരദേശ ജനതയുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കടലില്‍ പോയി കാണാതാകുന്ന മനുഷ്യരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍, കടലിലെ ദുരന്തങ്ങളെ നേരിടാന്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കുവാനും അവരുടെ ജീവന്‍ സംരക്ഷിക്കുവാനും സര്‍ക്കാരിന് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സംസ്ഥാനത്തിന്റെ ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന ആവശ്യങ്ങളും ഇതിനോടൊപ്പം ശക്തമായി ഉയരുന്നുണ്ട്.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് നേരെ അധികാരികള്‍ കണ്ണടയ്ക്കരുതെന്നും, അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നുമാണ് സഭാ നേതാക്കളുടെ പ്രധാന ആവശ്യം.

Leave a comment

Your email address will not be published. Required fields are marked *