കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, തീക്കോയി മേഖലകൾ കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ എത്തിച്ച് നവജാത ശിശുക്കളെ മറിച്ചുവിൽക്കുന്ന അന്തർസംസ്ഥാന സംഘത്തിന്റെ ക്രൂരതകൾ പുറത്ത്. ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത് ഗർഭിണികളായ യുവതികളെ വലയിലാക്കുന്ന മാഫിയയുടെ പ്രവർത്തനം ഒരു ഇതര സംസ്ഥാന യുവതിയുടെ പരാതിയോടെയാണ് പുറത്തുവന്നത്.
ഇൻസ്റ്റഗ്രാമിലെ ‘അർഷിവ് കെയർ’ എന്ന അക്കൗണ്ട് വഴി കാർത്തിക് എന്നയാളാണ് അസം സ്വദേശിയായ 22 വയസ്സുള്ള യുവതിയെ ബന്ധപ്പെട്ടത്. കോട്ടയത്തേക്ക് ട്രെയിൻ ടിക്കറ്റും പണവും നൽകി വരുത്തിയ ശേഷം, പാലായ്ക്കടുത്ത് തീക്കോയിയിലെ റബർ തോട്ടത്തിന് നടുവിലുള്ള ഒറ്റപ്പെട്ട വീട്ടിലാണ് യുവതിയെ താമസിപ്പിച്ചത്. പ്രസവചെലവുകൾ പൂർണ്ണമായി വഹിക്കാമെന്നും പ്രസവം കഴിയുമ്പോൾ കുഞ്ഞിനെ കൈമാറണമെന്നുമായിരുന്നു സംഘത്തിന്റെ വാഗ്ദാനം. ഈ വീട്ടിൽ ഒഡീഷയിൽ നിന്നുള്ള മറ്റ് രണ്ട് ഗർഭിണികളും താമസിച്ച് വന്നിരുന്നുവെന്ന് യുവതി വ്യക്തമാക്കി.
പ്രസവ ശേഷം കുഞ്ഞിനെ കൈമാറാൻ കഴിയില്ലെന്ന് നിലപാടെടുത്തതോടെ പ്രതികൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും വലിയ പിച്ചാത്തി കാണിച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് ഫോണും രേഖകളും ബലമായി വാങ്ങി സംഘം ഇവരെ പുറത്താക്കുകയാണുണ്ടായത്. റോഡരികിൽ നിലവിളിച്ച് നിന്ന യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ നാട്ടുകാരാണ് ഈരാറ്റുപേട്ട പൊലീസിൽ വിവരം അറിയിച്ചത്.
സംഭവത്തിൽ കാർത്തിക്, അനിത, അർജുൻ, ഹർഷിത ഉൾപ്പെടെയുള്ള എട്ടോളം പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികളെ ദത്തെടുക്കാനെന്ന വ്യാജേന വലിയൊരു റാക്കറ്റ് തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രഥമഘട്ട അന്വേഷണത്തിൽ വ്യക്തമാകുന്നത്.