ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും രംഗത്തേക്ക്. നിലവിൽ സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) എന്നീ കമ്പനികൾ കുത്തകയാക്കിവെച്ചിരിക്കുന്ന വിപണിയിലേക്കാണ് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് കടന്നുവരുന്നത്.
ഈ പുതിയ ചുവടുവെപ്പിന്റെ ഭാഗമായി ഫ്ലിപ്കാർട്ട് ഉടൻതന്നെ പ്രാരംഭഘട പരീക്ഷണങ്ങൾക്ക് തുടക്കമിടുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ. കല്യാൺ കൃഷ്ണമൂർത്തി വ്യക്തമാക്കി. ആദ്യഘട്ടമായി ചെറിയ രീതിയിൽ പരീക്ഷണങ്ങൾ നടത്തി ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും രാജ്യത്തുടനീളം സേവനം വ്യാപിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
രാജ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. നിലവിലുള്ള വമ്പൻമാരുടെ കുത്തക അവസാനിപ്പിച്ച് മികച്ച മൂല്യവും കൃത്യമായ സേവനവും നൽകാൻ തങ്ങൾക്ക് കഴിയുമെന്ന് കല്യാൺ കൃഷ്ണമൂർത്തി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിപണിയിൽ വൈകി പ്രവേശിച്ചു എന്ന വാദങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, ശരിയായ ആശയങ്ങളും ശക്തമായ ആസൂത്രണവുമുണ്ടെങ്കിൽ ഏത് രംഗത്തും വിജയം നേടാൻ സാധിക്കുമെന്ന് കൂട്ടിച്ചേർത്തു.
ഫ്ലിപ്കാർട്ടിന്റെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ‘മിനിറ്റ്സ്’ (Minutes)-ന്റെ വിജയത്തിന് പിന്നാലെയാണ് കമ്പനി ഇപ്പോൾ ഫുഡ് ഡെലിവറി മേഖലയിലേക്കും കൂടി ചുവടുവെക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ഈ കടന്നുവരവ് ഇന്ത്യയിലെ ഫുഡ് ഡെലിവറി രംഗത്ത് മത്സരം കടുപ്പിക്കുമെന്നുറപ്പാണ്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളും മികച്ച സേവനങ്ങളും ലഭിക്കാൻ സഹായകമാകും എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.