Blog Post

Karanavars > News > Goverment > ഉദ്യോഗസ്ഥർക്ക് എം.എം മണിയുടെ ഭീഷണി: ‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ വഴിയിൽ നേരിടും’

ഉദ്യോഗസ്ഥർക്ക് എം.എം മണിയുടെ ഭീഷണി: ‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ വഴിയിൽ നേരിടും’

ഇടുക്കി കഞ്ഞിക്കുഴിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭീഷണിയുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി രംഗത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ജെസിബി വിട്ടുനൽകാത്തതിനെതിരെ കർഷക സംഘം നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.

“മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലാത്തപക്ഷം ഉദ്യോഗസ്ഥർക്ക് വഴിയേ നടക്കാൻ കഴിയില്ല,” എന്ന് എം.എം മണി മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥർ നിയമം കയ്യിലെടുത്താൽ തങ്ങളും നിയമം കയ്യിലെടുക്കുമെന്നും, അടിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണമെന്നും, ഭരണകൂടത്തിന്റെ പേരുപറഞ്ഞ് കർഷകരെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

താൻ പൊതുപ്രവർത്തനത്തിന് ഇറങ്ങിയത് തിരിച്ചു വീട്ടിലെത്താം എന്ന് കരുതിയല്ലെന്നും, രണ്ടും കൽപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മുഖ്യമന്ത്രി വി.ഡി സതീശനെതിരെയും മണി രൂക്ഷവിമർശനം ഉന്നയിച്ചു. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും, അദ്ദേഹത്തിന്റെ ‘ഉമ്മാക്കി’ കർഷകരുടെ മുന്നിൽ വേണ്ടെന്നും മണി കൂട്ടിച്ചേർത്തു. വനംവകുപ്പിന്റെ നടപടികൾ അനാവശ്യമാണെന്നും, കൃഷിക്കാർക്ക് നേരെ പിടിച്ചുകയറാൻ വന്നാൽ അവിടെവെച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിലെ കർഷകർക്കെതിരായ നടപടികൾക്കെതിരെ നടന്ന ഈ പ്രതിഷേധം പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, എം.എം മണിയുടെ വെല്ലുവിളിയോട് പ്രതികരിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ തയ്യാറായില്ല. അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ചും, ഇത്തരം പ്രസംഗങ്ങൾക്ക് മറുപടി നൽകി സമയം കളയാനില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Leave a comment

Your email address will not be published. Required fields are marked *