ആലപ്പുഴ വലിയ ചുടുകാട്ടിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്ക് പരിഹാരമായി. വലിയ ചുടുകാടിന്റെ പൊതുധാരണ ലംഘിച്ച് നേതാക്കൾക്ക് പ്രത്യേകം സ്മാരകങ്ങൾ നിർമ്മിക്കരുതെന്നായിരുന്നു സിപിഐയുടെ പ്രധാന വാദം. വി.എസിന് സ്മാരകം അനുവദിക്കുകയാണെങ്കിൽ സിപിഐ നേതാവ് ടി.വി. തോമസിനും സ്മാരകം വേണമെന്ന ആവശ്യം അവർ ഉന്നയിച്ചിരുന്നു.
ഇരുപാർട്ടികളുടെയും ജില്ലാതല നേതാക്കൾ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് വിഷയത്തിൽ സമവായത്തിലെത്തിയത്. ധാരണയനുസരിച്ച്, വി.എസ്. അച്യുതാനന്ദന്റെ സ്മാരകം നിർമ്മിക്കുന്നതിന് സിപിഐ തടസ്സങ്ങൾ പിൻവലിക്കും. എന്നാൽ, വി.എസിന്റെ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ടി.വി. തോമസിന്റെ സ്മാരക നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കാമെന്നതാണ് പുതിയ തീരുമാനം. വലിയ ചുടുകാടിന്റെ ഇരുവശങ്ങളിലുമായാണ് ഇനി ഈ രണ്ട് സ്മാരകങ്ങളും ഒരുക്കുക.
ഈ മാസം 21-ന് വി.എസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ചടങ്ങ് ഉദ്ഘാടനം ചെയ്യുക. സർക്കാർ സഹായത്തിനായി കാത്തുനിൽക്കാതെ പാർട്ടി സ്വന്തം നിലയ്ക്ക് സ്മാരകം നിർമ്മിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. എന്തായാലും, നീണ്ട ചർച്ചകൾക്കൊടുവിൽ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുണ്ടായിരുന്ന ഈ അഭിപ്രായവ്യത്യാസം സ്മാരക നിർമ്മാണത്തിന് തടസ്സമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.