Blog Post

Karanavars > News > Goverment > കനത്ത മഴ: വയനാട്ടിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

കനത്ത മഴ: വയനാട്ടിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

വയനാട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ മേഘ ശ്രീ നാളെ (ജൂലൈ 8, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പൊതുജന സുരക്ഷ മുൻനിർത്തി ഇങ്ങനെയൊരു തീരുമാനം.

നഴ്സറികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ, റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഈ അവധി ബാധകമല്ല. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുമെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ രാത്രി മുതൽ ജില്ലയിൽ അതിശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

അതിതീവ്ര മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പുഴകളിലോ വെള്ളക്കെട്ടുകളിലോ കുളിക്കാൻ ഇറങ്ങുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും കർശനമായി ഒഴിവാക്കണം. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും കളക്ടർ മേഘ ശ്രീ നിർദ്ദേശിച്ചു. ദുരന്ത നിവാരണ സേന അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *