പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷങ്ങൾക്കും തടസ്സങ്ങൾക്കും അയവു വന്നതോടെ, ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകളുടെ നീക്കം സുഗമമാകുന്നു. സമീപ ദിവസങ്ങളിലായി ഇന്ത്യയിലേക്കുള്ള വിവിധതരം കപ്പലുകൾ സുരക്ഷിതമായി ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ കടന്നുപോയതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് നിർണായകമായ ക്രൂഡ് ഓയിൽ, എൽപിജി , എൽഎൻജി എന്നിവ വഹിക്കുന്ന കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷങ്ങളിൽ അയവു വന്നതിനെത്തുടർന്ന് ഒപ്പുവെച്ച ധാരണാപത്രം മേഖലയിലെ കപ്പൽ ഗതാഗതത്തിന് വലിയ ആശ്വാസമാണ് നൽകിയത്. നേരത്തെ, സുരക്ഷാ ഭീഷണികളെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, സമീപ ദിവസങ്ങളിൽ മാത്രം 11-ലധികം കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിയിട്ടുണ്ട്. ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് പുറമെ, വളം അടക്കമുള്ള മറ്റ് കാർഗോ കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ പത്തു കപ്പലുകൾ കൂടി പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടെന്നും അവയും ഉടൻ തന്നെ സുരക്ഷിതമായി മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെയും എൽപിജി ലഭ്യതയുടെയും വലിയൊരു ഭാഗം ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതിനാൽ, ഈ ജലപാതയിലെ ഗതാഗതം സാധാരണ നിലയിലാകുന്നത് ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയ്ക്ക് വലിയ ആശ്വാസമാണ്. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിന്നിരുന്ന കാലയളവിൽ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഇന്ത്യ ഇതര മാർഗ്ഗങ്ങൾ തേടിയിരുന്നുവെങ്കിലും, ഹോർമുസ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കപ്പെട്ടത് ഇന്ധന സുരക്ഷ ശക്തമാക്കാൻ സഹായിക്കും. കൂടാതെ, ഇറാനിയൻ തീരത്തോടു ചേർന്നുള്ള പ്രത്യേക പാതകളും നാവികസേനയുടെ നിരീക്ഷണവും കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ആഭ്യന്തര ഇന്ധന ഉത്പാദനം വർദ്ധിപ്പിച്ചും ബദൽ വഴികൾ കണ്ടെത്തിയും രാജ്യം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോകാൻ ഇന്ത്യയെ സഹായിച്ചു.