ന്യൂഡൽഹി: 2026 പുതുവർഷപ്പുലരിയിൽ രാജ്യത്തെയും വിദേശത്തുമുള്ള എല്ലാ ഭാരതീയർക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. പുതുവർഷം നവോന്മേഷത്തിന്റെയും ക്രിയാത്മകമായ മാറ്റത്തിന്റെയും പ്രതീകമാണെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കടന്നുപോയ വർഷത്തെ വിലയിരുത്താനും പുതിയ ലക്ഷ്യങ്ങൾക്കായി പ്രതിജ്ഞയെടുക്കാനുമുള്ള അവസരമാണ് ഈ പുതുവർഷമെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഭാരതത്തെ കൂടുതൽ സമ്പന്നവും ശക്തവുമായ രാഷ്ട്രമാക്കി മാറ്റാൻ നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം. സാമൂഹിക ഐക്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തിക്കൊണ്ട് വികസന പാതയിൽ മുന്നേറാൻ ഈ വർഷം നമുക്ക് കരുത്ത് പകരട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.
2026-ാം ആണ്ട് എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ എന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രനിർമ്മാണത്തിൽ ഓരോ വ്യക്തിയുടെയും പങ്കാളിത്തം പ്രധാനമാണെന്നും, വരും വർഷം ഭാരതത്തിന്റെ യശസ്സ് ലോകമെങ്ങും ഉയർത്താൻ നമുക്ക് സാധിക്കണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.