ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായിക പലക് മുച്ചൽ തന്റെ സംഗീത ജീവിതത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി 3,800-ൽ അധികം ഹൃദയ ശസ്ത്രക്രിയകൾക്ക് ധനസഹായം നൽകിയതിലൂടെയാണ് പലക് മുച്ചൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിലും ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയത്. പലക്-പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് അവർ ഈ മഹത്തായ ദൗത്യം നിർവ്വഹിക്കുന്നത്.
പലക് മുച്ചലിന്റെ ഈ യാത്ര തുടങ്ങുന്നത് വളരെ ചെറുപ്പത്തിൽ തന്നെ ആണ്. ഏഴ് വയസ്സുള്ളപ്പോൾ, ഒരു ട്രെയിൻ യാത്രയിൽ പാവപ്പെട്ട കുട്ടികളെ കണ്ടുമുട്ടിയതാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. അവർക്ക് സഹായം നൽകുമെന്ന് അന്ന് എടുത്ത പ്രതിജ്ഞ വർഷങ്ങൾക്കു ശേഷം പാലക് പാലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന വലിയ ദൗത്യമായി മാറി. തന്റെ സംഗീത പരിപാടികളിൽ നിന്ന് ലഭിക്കുന്ന വരുമാനവും വ്യക്തിപരമായ സമ്പാദ്യവും അവർ ജീവൻ രക്ഷാ ശസ്ത്രക്രിയകൾക്കായി മാറ്റിവെക്കുന്നു. പലക്കിന്റെ ഈ സേവനം പാവപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.
സംഗീതം കേവലം പ്രശസ്തിക്കോ അവാർഡുകൾക്കോ വേണ്ടിയുള്ളതല്ല, മറിച്ച് മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മാർഗ്ഗമായി പലക് മുച്ചൽ കാണുന്നു. അവരുടെ ഭർത്താവും സംഗീത സംവിധായകനുമായ മിഥുൺ ഈ ദൗത്യത്തിൽ പലക്കിന് പൂർണ്ണ പിന്തുണ നൽകുന്നു. “ഷോ ഇല്ലെങ്കിൽ പോലും, വരുമാനം ഇല്ലെങ്കിൽ പോലും, ഒരു കുട്ടിയുടെ ശസ്ത്രക്രിയ ഒരിക്കലും നിർത്തരുത്” എന്ന് മിഥുൺ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ജീവകാരുണ്യ പ്രവർത്തനം തുടരണമെന്നും കൂടുതൽ കുട്ടികളെ സഹായിക്കണമെന്നുമാണ് പലക് മുച്ചലിന്റെ ആഗ്രഹം.