ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനിടെ, ഇൻസ്റ്റാഗ്രാം മേധാവി ആദം മോസേരി നിർണ്ണായക വിശദീകരണവുമായി രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും കാണുന്ന ടാർഗെറ്റഡ് പരസ്യങ്ങൾക്ക് വേണ്ടി മെറ്റ (Meta) ഉപയോക്താക്കളുടെ സംഭാഷണങ്ങൾ ചോർത്തുന്നു എന്ന വ്യാപകമായ ആരോപണം അദ്ദേഹം നിഷേധിച്ചു. ഉപയോക്താക്കൾ സംസാരിക്കുന്ന ഒരു വിഷയം ഉടൻ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ ഫീഡിൽ പരസ്യമായി കാണുന്നു എന്ന പരാതിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇത്തരം സംസാരങ്ങൾ ചോർത്തി പരസ്യത്തിനായി ഉപയോഗിക്കുന്നില്ലെന്നും
ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നുണ്ടെന്നും മോസേരി വ്യക്തമാക്കി.
മെറ്റ തങ്ങളുടെ ഉപയോക്താക്കളെ ടാർഗെറ്റ് ചെയ്യുന്നത് മറ്റ് മാർഗ്ഗങ്ങളിലൂടെയാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന പേജുകൾ, ലൈക്ക് ചെയ്യുന്ന പോസ്റ്റുകൾ, ഓവർ ചെയ്യുന്ന വെബ്സൈറ്റുകൾ, സെർച്ച് ചെയ്യുന്ന വിഷയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പരസ്യങ്ങൾ നൽകുന്നത്. ഇതിന് പുറമെ, ഉപയോക്താക്കൾ മറ്റ് ആപ്പുകളിൽ ചെയ്യുന്ന കാര്യങ്ങൾ മെറ്റ ട്രാക്ക് ചെയ്യുന്നുണ്ട്. ഈ ഡാറ്റാ ശേഖരണമാണ് പരസ്യങ്ങൾ കൃത്യമായി ഉപയോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കുന്നതെന്നും സംഭാഷണങ്ങൾ ചോർത്തേണ്ട ആവശ്യം ഇല്ലെന്നും മോസേരി പറയുന്നു.
എങ്കിലും ഉപയോക്താക്കൾ ഈ വിഷയത്തിൽ ഉന്നയിക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമല്ല എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. തങ്ങളുടെ ഫോണുകൾ എപ്പോഴും കൈവശം വെക്കുന്നതിനാൽ, ഒരു പുതിയ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ അതേ വിഷയത്തെക്കുറിച്ചുള്ള പരസ്യം കാണുമ്പോൾ സ്വാഭാവികമായും ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം. ഉപയോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, സുതാര്യത ഉറപ്പാക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും മോസേരി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്കിടയിൽ നിലനിൽക്കുന്ന ഭയം ലഘൂകരിക്കാനുള്ള ശ്രമമായാണ് ഈ വിശദീകരണത്തെ വിലയിരുത്തുന്നത്.