മുംബൈ: ബോളിവുഡ് താരങ്ങളായ റൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ മകൾക്ക് 250 കോടി രൂപയുടെ ആഡംബര ബംഗ്ലാവ് സമ്മാനിച്ചു. താരദമ്പതികളുടെ ഈ സമ്മാനം ബോളിവുഡിൽ വലിയ വാർത്തയായി മാറിയിരിക്കുകയാണ്. മകൾ റാഹയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വീട് വാങ്ങി നൽകിയിരിക്കുന്നത്.
മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ബാന്ദ്രയിലാണ് ഈ വീട്. ഈ ബംഗ്ലാവിന് ചുറ്റുമുള്ള സ്ഥലങ്ങൾ റൺബീറിന്റെ കുടുംബസ്വത്താണ്. റൺബീറിന്റെ പിതാവും നടനുമായിരുന്ന ഋഷി കപൂർ, മാതാവ് നീതു കപൂർ, മുത്തശ്ശി കൃഷ്ണ രാജ് കപൂർ എന്നിവരുടെ പേരിലുള്ള കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഇവയെല്ലാം ചേർത്ത് കപൂർ കുടുംബത്തിന്റെ വലിയൊരു ഭൂസ്വത്ത് തന്നെ ഇവിടെയുണ്ട്. ഈ സ്ഥലത്തിന്റെ അടുത്തായാണ് താരങ്ങൾ മകൾക്കായി പുതിയ വീട് വാങ്ങിയിരിക്കുന്നത്.
റാഹയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ വീടിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്താനുള്ള അധികാരം ആലിയ ഭട്ടിനായിരിക്കും. റൺബീർ കപൂറും ആലിയ ഭട്ടും അടുത്തിടെയാണ് പുതിയൊരു വീട്ടിലേക്ക് താമസം മാറിയത്. ഇതിനു പിന്നാലെയാണ് ഇരുവരും മകൾക്കായി 250 കോടിയുടെ വീട് സമ്മാനിച്ചിരിക്കുന്നത്. 2022-ലാണ് റൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. 2022 നവംബറിലാണ് ഇവർക്ക് മകൾ റാഹ ജനിച്ചത്