Blog Post

Karanavars > News > Keralam > ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർതത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ 25 വരെ കേരളത്തിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ന്യൂനമർതത്തിന്റെ സ്വാധീനഫലമായി മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

തുടർച്ചയായ മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, സെപ്റ്റംബർ 24-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് ബാധകമാണ്. തുടർന്ന് സെപ്റ്റംബർ 25-നും ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം തുടരും.

കടലാക്രമണ സാധ്യതയുള്ളതിനാലും മോശം കാലാവസ്ഥ കണക്കിലെടുത്തും കേരള തീരത്ത് മത്സ്യബന്ധനത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് രാത്രികാല യാത്രകൾ ഒഴിവാക്കണമെന്നും, ഇടിമിന്നൽ സമയത്ത് പൊതുജനങ്ങൾ കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.

Leave a comment

Your email address will not be published. Required fields are marked *