Blog Post

Karanavars > News > Keralam > ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ, ദിലീപിന്റെ ഹര്‍ജിക്കെതിരെ നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ, ദിലീപിന്റെ ഹര്‍ജിക്കെതിരെ നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: ഗൂഢാലോചനക്കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് തനിക്കെതിരെ സര്‍ക്കാര്‍ തുടരന്വേഷണം നടത്തിയതെന്നാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ കേസിലെ ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാവൂ എന്നാണ് നടിയുടെ അപേക്ഷ. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നാണ് നടിയുടെ നിലപാട്. ഇന്ന് ഉച്ചയ‌്ക്ക് ശഷം 1.45ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. പ്രോസിക്യൂഷന്റെ വാദവും ഇതോടൊപ്പം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, വധഗൂഢാലോചന കേസിലെ മൂന്നാം പ്രതി സുരാജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മൂന്നുദിവസം സുരാജിനെ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രണ്ടാം പ്രതി അനൂപിനെ ചോദ്യം ചെയ്യും. തുടര്‍ന്ന് ദിലീപിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.

നടന്‍ ദിലീപ് ഉള്‍പ്പെടെ വധഗൂഢാലോചനക്കേസ് പ്രതികളായ മൂന്നുപേര്‍ കൈമാറിയ ഫോണുകളില്‍ ചിലതിലെ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അറിവ്. വിശദപരിശോധനയ്ക്കായി ആറ് ഫോണുകളും കോടതിയുടെ അനുമതിയോടെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാന്‍ ആലോചനയുണ്ട്. ബംഗളൂരുവിലെ റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറിയും പുനെയിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയുമാണ് പരിഗണിക്കുന്നത്. കേന്ദ്ര ലാബുകളിലെ പരിശോധനാഫലം ലഭിക്കാന്‍ വൈകുമെന്നതാണ് ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നത്.

പതിനഞ്ച് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ശനിയാഴ്ച വൈകിട്ടാണ് ഫോണുകളുടെ ഇവിടത്തെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഈ മാസം നാലിനാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരുടെ ഫോണുകള്‍ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലില്‍ എത്തിച്ചത്.

ദിലീപ് 2017മുതല്‍ 2021 ആഗസ്റ്റ് വരെ ഉപയോഗിച്ച ഐഫോണ്‍ സംബന്ധിച്ച്‌ അവ്യക്തത തുടരുകയാണ്. ദിലീപ് ഇല്ലെന്ന് പറഞ്ഞ ഈ ഫോണില്‍ നിന്ന് 2,075 വിളികള്‍ പോയതിന്റെ സി.ഡി.ആര്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ഗൂഢാലോചന നടത്തിയതിനും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സൂക്ഷിച്ചതിനും പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതിനുമെല്ലാമുള്ള തെളിവുകള്‍ ഈ ഫോണിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

Leave a comment

Your email address will not be published. Required fields are marked *