Blog Post

Karanavars > News > Keralam > ‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓര്‍ത്ത്’; വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍

‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓര്‍ത്ത്’; വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓര്‍ത്തിട്ടാണെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത്.

സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് വിവാദത്തിലായിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി കലക്ടര്‍ നേരിട്ട് രംഗത്തുവന്നിരിക്കുന്നത്.

പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് സമ്മര്‍ദ്ധത്തെ തുടര്‍ന്നല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പരിഷ്കരിച്ച പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നിരോധനം പിന്‍വലിച്ചതെന്നുമാണ് കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ വിശദീകരണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചതെന്നും കളക്ടര്‍ പറയുന്നു.

തനിക്ക് വ്യക്തിപരമായി ഈ തിരുമാനത്തോട് യോജിപ്പാണ്. ആവശ്യമില്ലെങ്കില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ഡൗണ്‍ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്ബളക്കാരെയല്ല. സാധാരണക്കാരെയാണ്. റിക്ഷാ ഡ്രൈവര്‍മാരാണ് കഴിഞ്ഞ ലോക്ഡൗണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തതെന്നും കളക്ടര്‍ വിശദീകരിക്കുന്നു. കളക്ടര്‍ സമ്മര്‍ദ്ധത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മറുപടിയെന്നുമാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

അതേസമയം, കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ ഇന്നലെ മുതല്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.മുന്‍കൂട്ടി നിശ്ചയിച്ചതും അല്ലാത്തതുമായ എല്ലാ പൊതുപരിപാടികളും ജില്ലയില്‍ ഇതിനോടകം തന്നെ നിരോധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ന് മുകളില്‍ എത്തിയതിനാലാണ് അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Leave a comment

Your email address will not be published. Required fields are marked *