സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന ഇന്ധനത്തില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നുണ്ടോ എന്ന് വേഗത്തില്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധനാ കിറ്റുകള്‍ സജ്ജമാക്കി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശപ്രകാരമാണ് ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനത്തെ ലബോറട്ടറികളില്‍ പുതിയ പരിശോധനാ കിറ്റുകള്‍ എത്തിച്ചിരിക്കുന്നത്. അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ വില്‍ക്കുന്ന പെട്രോളില്‍ അനുവദനീയമായ 20 ശതമാനത്തിന് പകരം 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലും പരിശോധന കര്‍ശനമാക്കിയത്.
നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളിലെ പ്രമുഖ പമ്പുകളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകള്‍ അംഗീകൃത ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഈ സാമ്പിളുകളുടെ പരിശോധനാഫലം ഉടന്‍ തന്നെ പുറത്തുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ പരിശോധനാ കിറ്റുകള്‍ ലഭ്യമായതോടെ ലബോറട്ടറികളില്‍ ഇന്ധനത്തിന്റെ ഗുണനിലവാര പരിശോധന കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും പൂര്‍ത്തിയാക്കാന്‍ സാധിക്കും. എണ്ണക്കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രത്യേക കാനുകളിലാണ് ഉദ്യോഗസ്ഥര്‍ പമ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നത്. തിരഞ്ഞെടുത്ത ഓരോ പമ്പില്‍ നിന്നും ആറ് സാമ്പിളുകള്‍ വീതം ശേഖരിച്ച് എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകളിലും സര്‍ക്കാര്‍ കെമിക്കല്‍ ലാബുകളിലുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
രാജ്യത്ത് നിലവില്‍ ഇ20 മാനദണ്ഡം അനുസരിച്ച് പെട്രോളില്‍ 20 ശതമാനം വരെയാണ് എഥനോള്‍ ചേര്‍ക്കാന്‍ അനുമതിയുള്ളത്. ഇതില്‍ കൂടുതല്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയുന്നതിനും എന്ജിന് തകരാറുകള്‍ക്കും കാരണമാകുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നിര്‍ണായക ഇടപെടല്‍. കര്‍ണാടക സര്‍ക്കാരിന്റെ പരിശോധനാ ഫലത്തെ കേന്ദ്ര സര്‍ക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും തള്ളിക്കളഞ്ഞ സാഹചര്യത്തില്‍, കേരളത്തിലെ പരിശോധനാ ഫലം ദേശീയതലത്തില്‍ തന്നെ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മുന്‍വിധികളോടെയല്ല ഈ പരിശോധന നടത്തുന്നതെന്നും എന്നാല്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥനോള്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികളും പ്രോസിക്യൂഷന് നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റഘട്ട പരിശോധനയില്‍ മാത്രം നടപടികള്‍ അവസാനിപ്പിക്കാതെ വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പമ്പുകളിലും ടാങ്കറുകളിലും തുടര്‍പരിശോധനകള്‍ ശക്തമാക്കാനാണ് പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിന്റെ തീരുമാനം.