Blog Post

Karanavars > News > Cyber Crime > സോണിയാ ഗാന്ധിക്കെതിരായ അപകീർത്തി പോസ്റ്റ്; കങ്കണ റണാവത്തിനെതിരെ കേസെടുത്തു

സോണിയാ ഗാന്ധിക്കെതിരായ അപകീർത്തി പോസ്റ്റ്; കങ്കണ റണാവത്തിനെതിരെ കേസെടുത്തു

സോണിയാ ഗാന്ധിയെയും നെഹ്‌റു-ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ അപകീർത്തികരവും പ്രകോപനപരവുമായ പോസ്റ്റുകൾ പങ്കുവെച്ചതിന് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെതിരെ പൊലീസ് കേസെടുത്തു. ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിംല ബോയിലോഗഞ്ച് പൊലീസാണ് ഇന്നലെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശത്രുത വളർത്തൽ, പൊതുജനങ്ങളിൽ ആശയക്കുഴപ്പവും കുഴപ്പങ്ങളും സൃഷ്ടിക്കുന്ന പ്രസ്താവനകൾ നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 196, 353, 356 വകുപ്പുകൾ പ്രകാരമാണ് കങ്കണയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച കങ്കണ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറികളാണ് വിവാദമായത്. ഗാന്ധി കുടുംബത്തിലേക്ക് കടന്നുവന്ന ‘നിഗൂഢമായ വിദേശ പൗര’യാണ് സോണിയാ ഗാന്ധിയെന്ന് കങ്കണ പോസ്റ്റിൽ വിശേഷിപ്പിച്ചിരുന്നു. ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും, കുടുംബത്തിലെ പ്രമുഖർ ഒന്നിനു പുറകെ ഒന്നായി ഇല്ലാതായതോടെയാണ് അധികാരം സോണിയാ ഗാന്ധിയിലേക്ക് എത്തിയതെന്നും കങ്കണ ആരോപിച്ചു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം മേനക ഗാന്ധിയെ കുടുംബവസതിയിൽ നിന്ന് പുറത്താക്കിയതായും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു.

കങ്കണയുടെ പരാമർശങ്ങൾ കേവലം രാഷ്ട്രീയ വിമർശനത്തിനപ്പുറം സാമുദായികവും ദേശീയവുമായ ഐക്യത്തിന് തുരങ്കം വെക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പരാതിക്കാരനായ അതുൽ ശർമ ചൂണ്ടിക്കാട്ടി. ആദ്യം ഹിമാചൽ പ്രദേശ് പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി നൽകിയ പരാതിക്ക് പിന്നാലെ സ്റ്റേഷനിലെത്തി മൊഴി നൽകുകയും പോസ്റ്റുകളുടെ പകർപ്പുകളും ലിങ്കുകളും കൈമാറുകയും ചെയ്തതോടെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. സംഭവത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത വിവരം ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *