Blog Post

Karanavars > News > Keralam > കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ആവേശപ്പോര്; തൃശൂർ മാജിക്കും മലപ്പുറം എഫ്സിയും നേർക്കുനേർ

കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ആവേശപ്പോര്; തൃശൂർ മാജിക്കും മലപ്പുറം എഫ്സിയും നേർക്കുനേർ

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലെ എട്ടാം റൗണ്ട് പോരാട്ടത്തിൽ ഇന്ന് തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തെ തോൽപ്പിച്ച് സ്വന്തം തട്ടകത്തിൽ വിജയം പിടിച്ചെടുക്കാനാണ് ആതിഥേയരായ തൃശൂർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റതിന്റെ മധുരപ്രതികാരം വീട്ടുക കൂടിയാണ് തൃശൂരിന്റെ ലക്ഷ്യം.

ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി മികച്ച ഫോമിലുള്ള മലപ്പുറം എഫ്സി, കഴിഞ്ഞ മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതിന്റെ ആവേശത്തിലാണ് തൃശൂരിലെത്തുന്നത്. നാല് ഗോളുകൾ നേടിയ അമദൗ സുകൗനയും നാല് അസിസ്റ്റുകളുള്ള അബ്ദുൽഹായ് ഫോർസിയുമാണ് മലപ്പുറത്തിന്റെ പ്രധാന കരുത്ത്. മറുവശത്ത്, കണ്ണൂർ വാരിയേഴ്‌സിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തൃശൂർ കളത്തിലിറങ്ങുന്നത്.

ഗോൾകീപ്പർ കമാലുദ്ദീൻ എ.കെ, വാലന്റൈൻ എകെജിയുബ, ലെന്നി റോഡ്രിഗസ് എന്നിവരിലാണ് തൃശൂരിന്റെ പ്രതീക്ഷ. മലപ്പുറത്തിന്റെ സി.കെ. റാഷിദ്, മുഹമ്മദ് മഹ്ദി എന്നിവരെ പ്രതിരോധിക്കുകയാകും തൃശൂരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഇരുടീമുകൾക്കും ഇന്നത്തെ വിജയം അത്യന്താപേക്ഷിതമായതിനാൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തീപാറുമെന്നുറപ്പാണ്.

Leave a comment

Your email address will not be published. Required fields are marked *