കൊച്ചി പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിൽ യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും പണവും വിലപിടിപ്പുള്ള ഫോണുകളും കവരുകയും ചെയ്ത സംഭവത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരാണ് നിലവിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഇന്നലെയാണ് കടവന്ത്ര പോലീസ് നടിയുടെയും സംഘത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ചികിത്സ ആവശ്യത്തിനെന്ന വ്യാജേന ഡോക്ടറെ വിശ്വസിപ്പിച്ച് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്നും എത്രയും വേഗം വന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടറെ അതുല്യ സമീപിച്ചത്. എന്നാൽ വൈകുന്നേരത്തോടെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിൽ എത്തിയ ഡോക്ടറെ തടഞ്ഞുവെച്ച് അതുല്യയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ബിബിൻ പെരുമ്പള്ളി ഡോക്ടറുടെ മുഖത്തടിക്കുകയും തുടർന്ന് കസേരയിലിരുത്തി മറ്റു പ്രതികൾ ശരീരമാസകലം മർദിക്കുകയും ചെയ്തു. ആക്രമണത്തിനിടെ മൂന്ന് ലക്ഷം രൂപയിലധികം വിലമതിക്കുന്ന രണ്ട് ഐഫോണുകളും വാച്ചും മറ്റ് സാധനങ്ങളും സംഘം തട്ടിയെടുത്തു.
തന്റെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. ഡോക്ടറോട് പണം ആവശ്യപ്പെടുകയും വഴങ്ങാതിരുന്നതോടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കുന്നതിനായി അതുല്യയുടെ ബന്ധുവിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവം ആസൂത്രിതമായ ഹണിട്രാപ്പ് ആണോ എന്ന കാര്യത്തിലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതികളുടെ ഫോൺ കോളുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണ്. ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’, ‘ഡിഎസ് ഈറേ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അതുല്യ ചന്ദ്ര. ‘ലോക’, ‘കിങ് ഓഫ് കൊത്ത’, ‘സീതാരാമം’, ‘റോഷാക്ക്’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചയാളാണ് ഒന്നാം പ്രതിയായ ബിബിൻ പെരുമ്പള്ളി. കേസിൽ ഉൾപ്പെട്ട മറ്റ് ഒൻപത് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.