കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന കെ.എസ്.ടി.പി (KSTP) പദ്ധതിയിലെ അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഭാഗമായി പരാതിക്കാരനായ ചടയമംഗലം സ്വദേശി വി.ഒ. സാജനിൽ നിന്ന് ഉടൻ നേരിട്ട് മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം തീരുമാനിച്ചു. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
2006-ൽ എം.സി റോഡ് വികസനത്തിനായി വിജിലൻസ് അനുമതി നൽകിയ കെ.എസ്.ടി.പി റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രധാന അഴിമതി ആരോപണം ഉയർന്നത്. മലേഷ്യൻ കമ്പനിയായ ‘പതിബെൽ കൺസോർഷ്യം’ പൂർത്തിയാക്കിയ പ്രവൃത്തികൾക്കായി അനുവദിക്കേണ്ടിയിരുന്ന 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കാൻ, അന്നത്തെ പി.ഡബ്ല്യു.ഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പ്രധാന പരാതി. കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ബില്ലുകൾ തടഞ്ഞുവെക്കുകയും കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തതായി വി.ഒ. സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് പതിബെൽ കമ്പനിയുടെ പ്രോജക്ട് ചീഫ് എഞ്ചിനീയറായിരുന്ന മലേഷ്യൻ സ്വദേശി ലീ സീ ബീൻ പിന്നീട് മലേഷ്യയിൽ വെച്ച് ജീവനൊടുക്കുകയായിരുന്നു. ലീ സീ ബീൻ ജീവിച്ചിരുന്നപ്പോൾ സാജനോട് പങ്കുവെച്ച വിവരങ്ങളുടെ വെളിപ്പെടുത്തലാണ് കേസിലെ പ്രധാന തെളിവായി മാറിയത്. ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഒരാൾ ജീവിച്ചിരിക്കെ മറ്റൊരാളോട് വെളിപ്പെടുത്തിയ കാര്യങ്ങൾ തെളിവായി കണക്കാക്കാമെന്ന വിജിലൻസ് അഡീഷണൽ ലീഗൽ അഡ്വൈസറുടെ നിർണായക നിയമോപദേശമാണ് സർക്കാരിനും വിജിലൻസിനും മുന്നിൽ ലഭിച്ചത്.
വിജിലൻസ് സംഘം വൈകാതെ തന്നെ പഴയ ഫയലുകളുടെയും കരാർ രേഖകളുടെയും വിശദമായ പരിശോധന ആരംഭിക്കും. 2007-ൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് തെളിവുകളില്ലെന്ന് കാട്ടി അവസാനിപ്പിക്കുകയും ചെയ്ത അന്വേഷണമാണ് ഈ പുതിയ വെളിപ്പെടുത്തലുകളുടെയും സാജന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ വീണ്ടും ആരംഭിക്കുന്നത്. ഭരണഘടനാ പദവിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തെത്തും മുൻപുള്ള വിഷയമായതിനാൽ ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട തുടർന്നുള്ള വിജിലൻസ് നീക്കങ്ങൾ വരും ദിവസങ്ങളിൽ ദേശീയ തലത്തിലടക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.