നിശാപാർട്ടികൾക്ക് കർശന മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സംസ്ഥാനത്ത് നിയമങ്ങൾ കാറ്റിൽപ്പറത്തി പുലർച്ചെ വരെ നീണ്ട ഡിജെ പാർട്ടിക്കെതിരെ നടപടിയുമായി പോലീസ്. കൊച്ചി കടവന്ത്രയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിലാണ് ഇന്ന് പുലർച്ചെ പോലീസിന്റെ മിന്നൽ പരിശോധന നടന്നത്. ഹോട്ടലിൽ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ഡിജെ പാർട്ടിയും അനിയന്ത്രിതമായ മദ്യപാനവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കടവന്ത്ര പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഈ അതിരഹസ്യ നീക്കം.
സാധാരണ വേഷത്തിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഹോട്ടൽ ഹാളിനുള്ളിൽ കടന്നുകൂടിയാണ് നിയമലംഘനങ്ങൾ നേരിട്ട് ബോധ്യപ്പെട്ടത്. പരസ്യമായി പ്രചരണം നടത്തി സംഘടിപ്പിച്ച ഡിജെ പാർട്ടിയും മദ്യസൽക്കാരവും രാത്രി ഏറെ വൈകിയിട്ടും തടസ്സമില്ലാതെ തുടരുകയായിരുന്നു. നിലവിലെ പോലീസ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പബ്ബുകളിലും ഹോട്ടലുകളിലും രാത്രി 11 മണിവരെ മാത്രമാണ് ഡിജെ പാർട്ടികൾക്ക് അനുമതിയുള്ളത്. എന്നാൽ ഈ സമയപരിധിയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായി കാറ്റിൽപ്പറത്തി പുലർച്ചെ 3 മണി വരെ പാർട്ടി നീണ്ടുപോയതായി പരിശോധനയിൽ കണ്ടെത്തി.
നിയമം ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചതിനും അനുമതിയില്ലാതെ സമയം നീട്ടി നൽകിയതിനും റാഡിസൺ ബ്ലൂ ഹോട്ടൽ അധികൃതർക്കും സംഘാടകർക്കുമെതിരെ പോലീസ് കേസെടുത്തു. ഡിജെ പാർട്ടി നടക്കുന്നതിന്റെയും പോലീസ് വേഷപ്രച്ഛന്നരായി ഹാളിനുള്ളിൽ പ്രവേശിച്ചതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രികാല ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ലഹരി ഉപയോഗവും സമയപരിധി ലംഘിച്ചുള്ള പാർട്ടികളും തടയുന്നതിനായി വരും ദിവസങ്ങളിലും നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.