ആലപ്പുഴ അമ്പലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി ഓടിച്ച ഇരുചക്ര വാഹനം ഇടിച്ചു വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അമ്പലപ്പുഴ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയായ ബേബിയുടെ കുടുംബം രംഗത്തെത്തി. പ്രതിയായ വിദ്യാർഥിയെ സംരക്ഷിക്കാനായി പോലീസ് പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി തിരിമറി നടത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഒക്ടോബർ 10-നായിരുന്നു വാർത്താസ്പദമായ അപകടം നടന്നത്. പഴയങ്ങാടി ജംഗ്ഷന് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന പുറക്കാട് സ്വദേശി ബേബിയെ പ്ലസ് ടു വിദ്യാർഥി ഓടിച്ച വാഹനം അമിത വേഗതയിലെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേൽക്കുകയും വാരിയെല്ലുകൾ പൊട്ടുകയും ചെയ്ത ബേബിയെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് രണ്ട് പ്രധാന ശസ്ത്രക്രിയകൾ കഴിഞ്ഞ ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ കേസെടുത്ത അമ്പലപ്പുഴ പോലീസ് തയാറാക്കിയ എഫ്.ഐ.ആറിലാണ് വലിയ രീതിയിലുള്ള വീഴ്ചയും ക്രമക്കേടും കുടുംബം ചൂണ്ടിക്കാണിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിയാണ് വാഹനം ഓടിച്ചതെന്ന് പ്രദേശവാസികളും സാക്ഷികളും വ്യക്തമാക്കുമ്പോഴും, പോലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ വാഹനം ഓടിച്ചത് 30 വയസ്സുള്ള ആളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എഫ്.ഐ.ആറിലെ പേരെഴുതേണ്ട കോളത്തിൽ വ്യക്തിയുടെ പേരിന് പകരം വാഹനത്തിന്റെ നമ്പരാണ് നൽകിയിരിക്കുന്നത്. കൂടാതെ ഫോൺ നമ്പറോ കൃത്യമായ വീട്ടുപേരോ വിവരങ്ങളോ ചേർക്കാതെ ‘അമ്പലപ്പുഴ, ആലപ്പുഴ’ എന്ന് മാത്രമാണ് വിലാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങൾ പോലീസ് നിഷേധിച്ചിട്ടുണ്ട്. വാഹനമോടിച്ച വിദ്യാർഥിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ 18 വയസ്സ് പൂർത്തിയായിട്ടുണ്ടെന്നും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് അമ്പലപ്പുഴ പോലീസ് വിശദീകരിക്കുന്നത്. പോലീസ് കോടതിയിൽ ഇത് സംബന്ധിച്ച വിശദീകരണ റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. എങ്കിലും ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുന്ന വീട്ടമ്മയ്ക്ക് നീതി ഉറപ്പാക്കാനും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബേബിയുടെ ബന്ധുക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുകയാണ്.