Blog Post

Karanavars > News > Flight > ധീരതയ്ക്ക് യുഎഇ പ്രസിഡന്റിന്റെ ആദരം: ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ‘ഓർഡർ ഓഫ് സായിദ് ദി സെക്കൻഡ്’ ബഹുമതി

ധീരതയ്ക്ക് യുഎഇ പ്രസിഡന്റിന്റെ ആദരം: ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ‘ഓർഡർ ഓഫ് സായിദ് ദി സെക്കൻഡ്’ ബഹുമതി

ആകാശച്ചുഴിയിൽ 178 ജീവനുകളുടെ കാവലാളായി മാറിയ ഇന്ത്യൻ വൈമാനികൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെയും ഫ്ലൈദുബായ് ജീവനക്കാരെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് നേരിട്ട് ആദരിച്ചു. കോക്പിറ്റിലുണ്ടായ അപ്രതീക്ഷിത ആക്രമണ ശ്രമത്തെ ആത്മധൈര്യം കൊണ്ട് നേരിട്ട സംഘത്തിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് ദി സെക്കൻഡ്’ പുരസ്‌കാരം സമ്മാനിച്ചു.

ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചടങ്ങിൽ സംബന്ധിച്ചു. ജീവനുപോലും ഭീഷണിയായ പ്രതിസന്ധി ഘട്ടത്തിൽ യുഎഇയിലെ ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കാണിച്ച സമാനതകളില്ലാത്ത ധീരതയെയും ഉത്തരവാദിത്തബോധത്തെയുമാണ് രാജ്യത്തിന്റെ നേതൃത്വം വാനോളം പുകഴ്ത്തിയത്.

കഴിഞ്ഞ മാസം ഒമാൻ സ്വദേശിയായ സഹപൈലറ്റിന്റെ അക്രമശ്രമം തടയുന്നതിനിടെ സ്മിത്ത് മച്ചാറിന് തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിയോട് പൊരുതി കോക്പിറ്റ് വാതിൽ തുറന്നുനൽകാൻ സ്മിത്ത് കാണിച്ച ആർജവമാണ് ക്യാബിൻ ജീവനക്കാർക്കും യാത്രക്കാർക്കും സമയബന്ധിതമായി ഇടപെടാൻ വഴിതുറന്നതും വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചതും.

ദീർഘനാളത്തെ ആശുപത്രി വാസത്തിനും അടിയന്തര ശസ്ത്രക്രിയകൾക്കും ശേഷം ഇന്നലെയാണ് ക്യാപ്റ്റൻ സ്മിത്ത് ആശുപത്രി കിടക്കയിൽ നിന്ന് തിരിച്ചുവന്നത് . വൻ ദുരന്തമുഖത്ത് നിന്നും യാത്രക്കാരെയും വിമാനത്തെയും സുരക്ഷിത തീരത്തെത്തിച്ച സ്മിത്ത് മച്ചാറിനെ യുഎഇ ഭരണാധികാരികൾക്ക് പുറമേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോകനേതാക്കളും പ്രശംസിച്ചിരുന്നു. തലയുടെ പിന്നിലും കൈകളിലും ആക്രമണത്തിന്റെ അടയാളങ്ങൾ ബാക്കിയുണ്ടെങ്കിലും, പ്രതിസന്ധിയിൽ പതറാതെ നിലകൊണ്ട ആ മനക്കരുത്തിന് മുന്നിൽ ലോകമൊന്നാകെ ആദരവോടെ തലകുനിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *