Blog Post

Karanavars > News > Jail > തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽ നിന്നും 17 തടവുകാർ ചാടിപ്പോയി ; രക്ഷപ്പെട്ടത് വിചാരണ തടവുകാര്‍.

തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽ നിന്നും 17 തടവുകാർ ചാടിപ്പോയി ; രക്ഷപ്പെട്ടത് വിചാരണ തടവുകാര്‍.

തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽ സുരക്ഷാ ജീവനക്കാരെയും പോലീസിനെയും ക്രൂരമായി ആക്രമിച്ച് 17 വിചാരണ തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി. തിങ്കളാഴ്ച രാത്രിയോടെയാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച ഈ ആസൂത്രിത ജയിൽ ചാട്ടം നടന്നത്. ഒരു സെല്ലിൽ തന്നെയാണ് ഈ 17 ക്രിമിനൽ കേസ് പ്രതികളെയും പാർപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി സെല്ലിനുള്ളിലുണ്ടായിരുന്ന ഒരു തടവുകാരന് പെട്ടെന്ന് അപസ്മാരവും ദേഹാസ്വസ്ഥതയും ബാധിച്ചതായി പ്രതികൾ അഭിനയിക്കുകയായിരുന്നു.

ഇതോടെ വിവരമറിഞ്ഞ് ജീവനക്കാർ സഹായത്തിനായി സെല്ലിന്റെ വാതിൽ തുറന്ന് അകത്തുകയറിയ ഉടൻ തടവുകാർ സംഘം ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് II പോലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ഡിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൂടാതെ മറ്റ് രണ്ട് സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ തങ്കപാണ്ഡിയെ ഉടൻ തന്നെ സമീപത്തെ ജി. വിളക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീവനക്കാരെ വീഴ്ത്തിയ ശേഷം ജയിലിൽ നിന്നും പുറത്തു കടന്ന സംഘത്തിനായി പോലീസും തമിഴ്‌നാട് ജയിൽ വകുപ്പും വലിയ തിരച്ചിലാണ് നടത്തുന്നത്. ജയിൽ ചാടിയ പ്രവീൺ കുമാർ എന്ന തടവുകാരനെ സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ പോലീസ് പിടികൂടിയിട്ടുണ്ട്. തടവുചാടിയ മറ്റു പ്രതികളെ കണ്ടെത്താൻ 17 പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിലവിൽ പോലീസ് നിയോഗിച്ചിട്ടുള്ളത്.

രക്ഷപ്പെട്ട പ്രതികളിൽ ഭൂരിഭാഗം പേരും വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇവർ അതിർത്തി കടന്ന് കേരളത്തിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ഇടുക്കി, പാലക്കാട് അതിർത്തികളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളത്തിലേക്ക് കടക്കാതിരിക്കാൻ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ തേനി ജില്ലാ പോലീസ് മേധാവി കെ. എസ്. പ്രവീൺ ഗൗതമും ജയിൽ ഡി.ജി.പി സന്ദീപ് റായ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ആണ്ടിപ്പെട്ടി സബ് ജയിലിൽ നേരിട്ടെത്തി സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഉന്നതതല പരിശോധന നടത്തി. കണ്ടമനൂർ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജയിൽ ചാടിയ തടവുകാരുടെ ചിത്രങ്ങളും വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *