Blog Post

Karanavars > News > Democracy > തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ജനകീയ മാർച്ച്: പ്രശാന്ത് ഭൂഷനും പ്രകാശ് രാജും നേതൃത്വം നൽകും

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ജനകീയ മാർച്ച്: പ്രശാന്ത് ഭൂഷനും പ്രകാശ് രാജും നേതൃത്വം നൽകും

തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്നും വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്നും ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം ശക്തമാകുന്നു. ഗ്യാനേഷ് കുമാറിനെതിരെ വിവിധ പൗരാവകാശ–യുവജന സംഘടനകൾ പ്രഖ്യാപിച്ച രണ്ടാം ഘട്ട പ്രതിഷേധ പരിപാടികൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ‘പീപ്പിൾ എഗെയിൻസ്റ്റ് എസ്‌ഐആർ’ (People Against SIR) കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തലസ്ഥാന നഗരിയിൽ ഇന്ന് വമ്പൻ ജനകീയ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ പൗരപ്രമുഖരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കാളികളാകുന്നുണ്ട്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പ്രശസ്ത നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പരകാല പ്രഭാകർ, വിദ്യാർത്ഥി നേതാക്കളായ ഐഷി ഘോഷ്, നേഹ ബോറ തുടങ്ങിയവർ ഇന്നത്തെ ജനകീയ മാർച്ചിന് നേരിട്ട് നേതൃത്വം നൽകും. വിദ്യാർത്ഥി, യുവജന, കർഷക, തൊഴിലാളി സംഘടനകൾക്ക് പുറമെ ദലിത്, ആദിവാസി, ന്യൂനപക്ഷ അവകാശ പ്രവർത്തകരും ഇന്നു നടക്കുന്ന ഈ പ്രതിഷേധത്തിൽ അണിനിരക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്നില്ലെന്നും ഭരണകക്ഷിയുടെ താല്പര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങളെടുക്കുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ജനാധിപത്യ മൂല്യ സംരക്ഷണത്തിനായുള്ള ഈ പോരാട്ടത്തിൽ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആഹ്വാനം ചെയ്തിരുന്നു.

പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന തെരുവുകളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപവും ഇന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ ദിവസങ്ങളിലും കമ്മീഷനെതിരെ സമരങ്ങളുണ്ടായ സാഹചര്യത്തിൽ, ഇന്നത്തെ ജനകീയ മാർച്ച് തടയാൻ പോലീസ് കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നിരുന്നാലും കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *