ഉത്തർപ്രദേശിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ (എസ്ഐആർ) ഗുരുതരമായ ക്രമക്കേടുകൾ ഉയർന്നതിനെ തുടർന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നിയമനടപടിയെടുക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) നവ്ദീപ് റിൻവ. പിലിഭിത്ത് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന വലിയ തോതിലുള്ള പിഴവുകൾ പുറത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ അടിയന്തര ഇടപെടൽ.
പിലിഭിത്ത് സദർ അസംബ്ലി മണ്ഡലത്തിലെ (സീറ്റ് നമ്പർ 127) വോട്ടർ പട്ടികയിലാണ് വ്യാപക അപാകതകൾ കണ്ടെത്തിയത്. ഇവിടെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് നമ്പറുകൾ (EPIC) ഓൺലൈനായി പരിശോധിച്ചപ്പോൾ മറ്റ് പലരുടെയും വിവരങ്ങളാണ് ലഭ്യമായത്. ഫോം 6 ഉപയോഗിക്കാതെ തന്നെ പതിനായിരത്തിലധികം വോട്ടർമാരുടെ വിവരങ്ങളിൽ മാറ്റം വരുത്തിയതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനുപിന്നാലെ പിലിഭിത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെയും (ERO) വോട്ടർ രജിസ്ട്രേഷൻ സെന്റർ (VRC) ഓപ്പറേറ്ററെയും ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യുകയും ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ നിർദേശം നൽകുകയും ചെയ്തു.
സംഭവം വൻ വിവാദമായതോടെ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും വോട്ടർ പട്ടിക അടിയന്തരമായി പുനഃപരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ എല്ലാ മണ്ഡലങ്ങളിലെയും തിരുത്തലുകളും പുനഃപരിശോധനാ റിപ്പോർട്ടും സമർപ്പിക്കാനാണ് സിഇഒ നവ്ദീപ് റിൻവ ജില്ലാ ഇലക്ഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
പിലിഭിത്തിൽ മാത്രം 16,000-ത്തിലധികം വോട്ടുകളിലും അപാകതകൾ വരുത്തിയെന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കമ്മീഷന്റെ ഈ നിർണായക നീക്കം. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വോട്ടർ പട്ടികയിൽ തിരിമറി നടത്താൻ ശ്രമിച്ച മുഴുവൻ ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കുമെന്നും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും സിഇഒ വ്യക്തമാക്കി. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പട്ടിക പൂര്ണ്ണമായും കുറ്റമറ്റതാക്കുമെന്ന ഉറപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.