Blog Post

Karanavars > News > Keralam > ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും കടുത്ത കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ കെ. സന്തോഷ് അറിയിച്ചു. ഇതോടെ മധ്യകേരളത്തിലെ നാല് പ്രധാന ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്.

ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിലും മലയോര പ്രദേശങ്ങളിലും അതിശക്തമായ ഇടിമിന്നലോടെയുള്ള മഴ പെയ്തിരുന്നു. വരും മണിക്കൂറുകളിൽ മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ഇടത്തരം മഴ പെയ്യാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളിലും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ പൊതുജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും ജലാശയങ്ങളിൽ കുളിക്കുന്നതും മീൻപിടിക്കുന്നതും പൂർണമായി ഒഴിവാക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *