തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി കാട്ടി വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ ഇന്ന് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കോർപ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും അറ്റൻഡൻസ് രജിസ്റ്ററും പരിശോധിച്ചായിരിക്കും പ്രധാനമായും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപകാണ് ഇതുസംബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിട്ടില്ലെന്നും, എന്നാൽ യോഗത്തിൽ പങ്കെടുത്തുവെന്ന് വരുത്തിതീർക്കാൻ വ്യാജ ഒപ്പ് നിർമ്മിക്കുകയായിരുന്നു എന്നുമാണ് പ്രധാന ആരോപണം.
തുടർച്ചയായി ആറുമാസം കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ചട്ടപ്രകാരം കൗൺസിലർ അയോഗ്യനാക്കപ്പെടും. ഈ അയോഗ്യത മറികടക്കാനും സുഗതനെ സംരക്ഷിക്കാനുമാണ് മേയറുടെയും ഭരണസമിതിയുടെയും അറിവോടെ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തിയതെന്നാണ് എൽഡിഎഫിന്റെ ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഹാജർ ബുക്കിന്റെ പകർപ്പുകൾ പുറത്തുവിട്ടാണ് സിപിഎം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സംഭവം അതീവ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മുൻ എംഎൽഎയും കൗൺസിലറുമായ കെ.എസ്. ശബരീനാഥൻ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ രജിസ്റ്റർ പരിശോധിക്കുന്നത് തടയാൻ മുൻപ് ബിജെപി അംഗങ്ങൾ പ്രതിഷേധം തീർത്തത് ഈ കള്ളയൊപ്പ് മറച്ചുവെക്കാനാണോ എന്ന സംശയം ശക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നഗരസഭയിലെ ഈ പുതിയ രാഷ്ട്രീയ വിവാദം തലസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.