Blog Post

Karanavars > News > Court > വോട്ടര്‍ പട്ടികയിലെ പേര് വെട്ടിമാറ്റല്‍: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുമോ ?

വോട്ടര്‍ പട്ടികയിലെ പേര് വെട്ടിമാറ്റല്‍: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുമോ ?

വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടുന്നുവെന്നും കോടിക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയെന്നുമുള്ള ഗുരുതര ആരോപണങ്ങളെത്തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്ത് നടക്കുന്ന പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനാ (SIR) നടപടികളില്‍ വന്‍ ക്രമക്കേടുകള്‍ നടന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും കമ്മീഷണര്‍ക്കെതിരെ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സിന്ധു, വിവേക് ജോഷി എന്നിവര്‍ പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഫോം 6-ല്‍ പുതിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതും വോട്ടര്‍ ഡാറ്റയുടെ നിയന്ത്രണം കേന്ദ്രീകരിച്ചതും നിയമവിരുദ്ധമാണെന്ന് സഹ കമ്മീഷണര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ പ്രതിപക്ഷ നേതാക്കള്‍ കമ്മീഷണര്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടുന്നത് രാജ്യദ്രോഹത്തിന് തുല്യമാണെന്നും, ഇതിന് ചുക്കാന്‍ പിടിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കൂടാതെ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര പാര്‍ലമെന്റ് സ്റ്റ്രീറ്റ് പോലീസ് സ്റ്റേഷനില്‍ ഗ്യാനേഷ് കുമാറിനെതിരെ ഔദ്യോഗികമായി പരാതിയും നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സി.ഇ.സി 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്നും ഇല്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിവിധ സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും നിയമപരമാണെന്നാണ് കമ്മീഷന്റെ വിശദീകരണം.

Leave a comment

Your email address will not be published. Required fields are marked *