Blog Post

Karanavars > News > Court > മുട്ടില്‍ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെയുള്ള കുറ്റപത്രം തള്ളി ബത്തേരി കോടതി

മുട്ടില്‍ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെയുള്ള കുറ്റപത്രം തള്ളി ബത്തേരി കോടതി

സംസ്ഥാനത്ത് ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന് കനത്ത തിരിച്ചടി. കേസിൽ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രമാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ആവശ്യമായ രേഖകളുടെ കുറവും സാങ്കേതിക പിഴവുകളും ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഈ നടപടി.

കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കേസിൽ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനംവകുപ്പ് ബത്തേരി കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, മുറിച്ച മരങ്ങള്‍ വനത്തില്‍ നിന്നാണോ പുറത്തുനിന്നാണോ എന്ന കാര്യത്തില്‍ കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്ന് കോടതി വിലയിരുത്തി. കൂടാതെ, കുറ്റപത്രം സമര്‍പ്പിക്കാനുണ്ടായ കാലതാമസത്തിനുള്ള കാരണം, പിടിച്ചെടുത്ത ഈട്ടിത്തടികളുടെയും വാഹനത്തിന്റെയും വിവരങ്ങള്‍ എന്നിവയടക്കം നിരവധി നിര്‍ണ്ണായക രേഖകളും വിവരങ്ങളും കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.

വയനാട് മുട്ടില്‍ സൗത്ത് വില്ലേജിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ അനുമതിയില്ലാതെ മുറിച്ചു കടത്തിയെന്ന കേസിലാണ് അഞ്ച് വര്‍ഷത്തിന് ശേഷം വനംവകുപ്പ് കുറ്റപത്രം തയ്യാറാക്കിയത്. കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ഭാഗത്തുനിന്നുള്ള നിയമപോരാട്ടങ്ങള്‍ തുടരുന്നതിനിടയിലാണ് വനംവകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം മടക്കിയിരിക്കുന്നത്. ഇതുവഴി കേസിന്റെ അന്വേഷണത്തിലും നടപടിക്രമങ്ങളിലും വനംവകുപ്പ് വരുത്തിയ ഗുരുതര വീഴ്ചകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

Leave a comment

Your email address will not be published. Required fields are marked *