Blog Post

Karanavars > News > Death > കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവെന്ന് കുടുംബം

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവെന്ന് കുടുംബം

തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി ചികിത്സയിലായിരുന്ന വീട്ടമ്മ ദാരുണമായി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വിദ്യ വി.ജി (45) ആണ് മരണപ്പെട്ടത്. മരണത്തിന് പിന്നിൽ ഗുരുതരമായ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കുടുംബം തിരുവല്ല പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി ഈ മാസം 16-നാണ് വിദ്യയെ തിരുവല്ല ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് ക്ലിനിക്കിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.

ശസ്ത്രക്രിയയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു സംഭവം. സർജറിക്കിടെ ഇവർക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ വിദ്യയെ ഉച്ചയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ജീവൻ രക്ഷിക്കാനാകില്ലെന്ന് വിധിയെഴുതുകയായിരുന്നു. അനസ്തേഷ്യ നൽകിയതിലെ പാകപ്പിഴകളും, അത്യാഹിത ഘട്ടത്തിൽ വേണ്ടത്ര മുൻകരുതലുകളോ സമയബന്ധിതമായ തുടർചികിത്സയോ നൽകുന്നതിൽ ക്ലിനിക്കിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.

എന്നാൽ ക്ലിനിക്കിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചികിത്സാ പിഴവും സംഭവിച്ചിട്ടില്ലെന്നും, ശസ്ത്രക്രിയാ വേളയിൽ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയാണുണ്ടായെന്നുമാണ് അധികൃതരുടെ വിശദീകരണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്. സന്തോഷ് ആണ് ഭർത്താവ്. മക്കൾ: സിദ്ധാർത്ഥ് സന്തോഷ്, സംഗീത് സന്തോഷ്.

Leave a comment

Your email address will not be published. Required fields are marked *