ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 7 സെന്റിമീറ്റർ മുതൽ 11 സെന്റിമീറ്റർ വരെ ശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. ശക്തമായ മഴയ്ക്കൊപ്പം തന്നെ ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്.
ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുനമർദ്ദം വടക്കൻ ആന്ധ്രാപ്രദേശ് – ഒഡീഷ്യ തീരത്തേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും മഴ സജീവമാകുന്നത്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.
ഇടിമിന്നൽ അപകടകരമായതിനാൽ മഴ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരച്ചുവട്ടിൽ ആശ്രയം കണ്ടെത്തുന്നതും പൂർണ്ണമായും ഒഴിവാക്കുക. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവസാനിക്കുന്നത് വരെ ജനങ്ങൾ ജാഗ്രത തുടരണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.