Blog Post

Karanavars > News > International > ട്രംപിന് അധികാരം; ഇന്ത്യയ്ക്ക് മേൽ 100% തീരുവ ഭീഷണിയുമായി റഷ്യൻ ഉപരോധ ബിൽ പാസാക്കി യു.എസ്

ട്രംപിന് അധികാരം; ഇന്ത്യയ്ക്ക് മേൽ 100% തീരുവ ഭീഷണിയുമായി റഷ്യൻ ഉപരോധ ബിൽ പാസാക്കി യു.എസ്

റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിർണായക ഉപരോധ ബിൽ യു.എസ് ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) പാസാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ നീക്കം.

ഇന്നലെ നടന്ന വോട്ടെടുപ്പിൽ 162 എതിർവോട്ടുകൾക്കെതിരെ 262 വോട്ടുകൾക്കാണ് ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ (Lindsey O. Graham Sanctioning Russia and Iran Act of 2026) പാസായത്. സെനറ്റ് നേരത്തെ തന്നെ അംഗീകരിച്ച ഈ ബിൽ, ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിനായി ഔദ്യോഗികമായി അയക്കും. ട്രംപ് ഇതിൽ ഒപ്പുവെക്കുന്നതോടെ ബിൽ നിയമമായി മാറും.

ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നിട്ടുള്ളത്. റഷ്യയിൽ നിന്ന് വലിയ തോതിൽ ഊർജം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഇതിലെ കടുത്ത വ്യവസ്ഥകൾ. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ ഈ നിയമം വഴി യു.എസ് പ്രസിഡന്റിന് അധികാരം ലഭിക്കും.

എങ്കിലും, ഇന്ത്യയ്ക്ക് മേൽ ഉടൻ തന്നെ 100% തീരുവ നിലവിൽ വരില്ലെന്നും മറിച്ച് പ്രസിഡന്റിന് അതിനുള്ള നിയമപരമായ അധികാരം നൽകുക മാത്രമാണ് ബിൽ ചെയ്യുന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ ദേശീയ താല്പര്യ മുൻനിർത്തിയാണ് നടപ്പിലാക്കുന്നതെന്ന് ഇന്ത്യ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഈ പുതിയ നിയമനിർമ്മാണം ഇന്ത്യ-യു.എസ് വ്യാപാര ബന്ധങ്ങളിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *