Blog Post

Karanavars > News > crime > സിഎംആർഎൽ-എക്സാലോജിക് കേസ്: CFO സുരേഷ് കുമാർ മൊഴി പിൻവലിച്ചു; ഇഡിക്ക് കനത്ത തിരിച്ചടി

സിഎംആർഎൽ-എക്സാലോജിക് കേസ്: CFO സുരേഷ് കുമാർ മൊഴി പിൻവലിച്ചു; ഇഡിക്ക് കനത്ത തിരിച്ചടി

രാഷ്ട്രീയ കേരളത്തെ പിടച്ചിലിലാക്കിയ സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറടേറ്റിന് (ED) കനത്ത തിരിച്ചടി. കൊച്ചിയിലെ വ്യവസായ സ്ഥാപനമായ സിഎംആർഎല്ലിന്റെ (CMRL) ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) കെ.എസ്. സുരേഷ് കുമാർ താൻ ഇഡിക്ക് നൽകിയിരുന്ന നിർണായക മൊഴി ഔദ്യോഗികമായി പിൻവലിച്ചു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് അദ്ദേഹം അധികൃതർക്ക് റിട്രാക്ഷൻ സ്റ്റേറ്റ്‌മെന്റും സത്യവാങ്മൂലവും നൽകുകയായിരുന്നു.

ഇന്ന് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ചോദ്യം ചെയ്യലിനിടെ തന്നെ പുലർച്ചെ വരെ ഓഫീസിൽ തടഞ്ഞുവെച്ചതായും പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും 63 വയസ്സായ തന്റെ അവശതകളും പരിഗണിക്കാതെ ഉദ്യോഗസ്ഥർ മൊഴി ബലമായി എഴുതി വാങ്ങുകയായിരുന്നുവെന്നുമാണ് സുരേഷ് കുമാറിന്റെ ഗുരുതര ആരോപണം. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നും, രാഷ്ട്രീയ നേതാക്കൾക്ക് വ്യക്തിഗത ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്നുമാണ് സുരേഷ് കുമാറിന്റെ പഴയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി ഇതുവരെ വാദിച്ചിരുന്നത്. എന്നാൽ ഈ പ്രധാന മൊഴി പൂർണ്ണമായും തള്ളിക്കളഞ്ഞ സുരേഷ് കുമാർ, എക്സാലോജിക് സേവനം നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ തന്റെ കൈവശമുണ്ടെന്നും വ്യക്തമാക്കുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ ടി. വീണ, എം.എൽ.എയായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് കേസിൽ നിർണായക വഴിത്തിരിവായി സി.എഫ്.ഒയുടെ ഈ മലക്കംമറിച്ചിൽ. കേസിന്റെ അന്വേഷണത്തെയും ഇഡിയുടെ നിയമപരമായ നീക്കങ്ങളെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ് സുരേഷ് കുമാറിന്റെ പുതിയ വെളിപ്പെടുത്തൽ. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

Leave a comment

Your email address will not be published. Required fields are marked *