ഇടുക്കി അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ രാസവസ്തു ഉള്ളിൽച്ചെന്ന് ദാരുണമായി മരിച്ചു. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്. കുട്ടികളുടെ കൈപ്പാടുകളിൽ രാസവസ്തുവിന്റെ അവശിഷ്ടങ്ങൾ കണ്ടതായും വീടിനുള്ളിൽ കീടനാശിനിയോ തിന്നറോ ചോർന്നൊലിച്ച നിലയിൽ കണ്ടെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ അസ്വസ്ഥതകളും ഛർദ്ദിയും പ്രകടിപ്പിച്ച കുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കുട്ടി അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റേ കുട്ടി സ്വകാര്യ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. വീടിനുള്ളിലെ സ്ലാബിൽ സൂക്ഷിച്ചിരുന്ന ‘ഏകലൂക്’ പോലുള്ള കീടനാശിനിയോ പെയിന്റ് തിന്നറോ താഴെ വീഴുകയും, ഇത് അബദ്ധത്തിൽ തൊട്ടുകളിച്ച കുട്ടികൾ വായിൽ വെക്കുകയായിരുന്നു എന്നാണ് പിതാവ് അഫ്സൽ പൊലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴി.
എന്നാൽ ഒരു വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ ഇത്തരത്തിലൊരു രാസവസ്തു അകത്താക്കിയ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മാതാപിതാക്കളുടെ മൊഴികൾ പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കുടുംബപ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രാദേശികമായി ഉയർന്നു വന്നിട്ടുള്ളതിനാൽ അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടികളുടെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടവും ശാസ്ത്രീയ ഫോറൻസിക് പരിശോധനകളും പൂർത്തിയായാൽ മാത്രമേ മരണകാരണത്തെക്കുറിച്ചുള്ള യഥാർത്ഥ സത്യം പുറത്തുവരൂ.