സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന കടുത്ത ചൂടിനും വിയർപ്പൊഴുക്കുന്ന കാലാവസ്ഥയ്ക്കും ആശ്വാസമായി ഒടുവിൽ മഴയെത്തുന്നു. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം, വരും ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും സജീവമാകുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി നാളെ അതായത് സെപ്റ്റംബർ 10-ാം തീയതി ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ കാരണം . ഇതിന്റെ ഫലമായി ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് കേരളത്തിലെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്. മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ, നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇരുപത്തിനാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് പുറമെ വരുന്ന ദിവസങ്ങളിലും മറ്റ് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 11-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, സെപ്റ്റംബർ 12-ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് ബാധകമായിരിക്കും. ഒരിടവേളയ്ക്ക് ശേഷം എത്തുന്ന ഈ മഴ കടുത്ത ചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.