ഇന്നലെ യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ബ്രിട്ടനിലുടനീളം കനത്ത യാത്രാപ്രതിസന്ധി. രാജ്യത്തെ പ്രധാന വ്യോമഗതാഗതം നിയന്ത്രിക്കുന്ന NATS-ന്റെ (National Air Traffic Services) ഫ്ലൈറ്റ് ഡാറ്റ പ്രോസസ്സിംഗ് സിസ്റ്റത്തിലാണ് തകരാർ അനുഭവപ്പെട്ടത്. ലണ്ടനിലെ ഹീത്രു, ഗാറ്റ്‌വിക്ക് ഉൾപ്പെടെയുള്ള പ്രമുഖ വിമാനത്താവളങ്ങളെ ബാധിച്ച ഈ പ്രശ്നത്തെ തുടർന്ന് ആയിരത്തിലധികം വിമാന സർവീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്.
ഫ്ലൈറ്റ് റഡാർ 24-ന്റെ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച ഉച്ചയോടെയാണ് സിസ്റ്റം തകരാറിലായത്. തകരാർ പരിഹരിച്ചതായി NATS അധികൃതർ പിന്നീട് അറിയിച്ചെങ്കിലും, വിമാനങ്ങളും ജീവനക്കാരും നിശ്ചയിച്ച സ്ഥലങ്ങളിൽ അല്ലാതിരുന്നതിനാൽ സർവീസുകൾ താളം തെറ്റുകയും ഇന്നും പ്രത്യാഘാതങ്ങൾ തുടരുകയും ചെയ്യുന്നു. ബ്രിട്ടീഷ് എയർവേയ്‌സ്, ഈസി ജെറ്റ്, എയർ ഇന്ത്യ തുടങ്ങി നിരവധി അന്താരാഷ്ട്ര വിമാന സർവീസുകളെയും ഈ തകരാർ സാരമായി ബാധിച്ചു. പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്തു.
സംഭവത്തിൽ കടുത്ത വിമർശനവുമായി റയാൻഎയർ പോലുള്ള എയർലൈനുകൾ രംഗത്തുവന്നിട്ടുണ്ട്. NATS മേധാവി മാർട്ടിൻ റോൾഫിന്റെ രാജി ആവശ്യപ്പെട്ട് വിവിധ കമ്പനികൾ ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ദിവസങ്ങൾ എടുത്തേക്കുമെന്നാണ് വ്യോമയാന വിദഗ്ധരുടെ വിലയിരുത്തൽ.യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റ് വഴി സർവീസുകളുടെ തൽസ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.