കൊച്ചിയിലെ കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. പണം സമ്പാദിക്കാനല്ല, മറിച്ച് മാനസിക വികൃതിയുടെ ഭാഗമായാണ് പ്രതികൾ പ്രീമിയം ഗ്രൂപ്പുകൾ ഉണ്ടാക്കി ഇത്തരം കൃത്യങ്ങൾ നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന പ്രതിയായ ശ്രീഹരി അടക്കമുള്ളവർക്കെതിരെ ഗുരുതരമായ വകുപ്പുകൾക്കൊപ്പം പോക്സോ (POCSO) കേസും ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും പുറമെ പ്രതികളുടെ സ്വന്തം ബന്ധുക്കളുടെ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. ടെലഗ്രാം പോലുള്ള നവമാധ്യമങ്ങളിൽ നാലോ അഞ്ചോ പേർ മാത്രം അംഗങ്ങളായ രഹസ്യ ചാറ്റ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് അശ്ലീല ചിത്രങ്ങൾ പരസ്പരം കൈമാറിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ കുറത്തിശേരി ചെങ്ങന്നൂർ സ്വദേശിയും മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജിലെ ബി.കോം വിദ്യാർത്ഥിയുമായ ഇരുപതുകാരൻ സനീഷിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുണ്ടായി. ശ്രീഹരി ഉൾപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് ക്യു.ആർ. കോഡ് വഴി പണം വാങ്ങി പ്രീമിയം ഗ്രൂപ്പുകൾ വഴി അശ്ലീല ദൃശ്യങ്ങൾ വിറ്റഴിച്ചതിനാണ് സനീഷിനെ അറസ്റ്റ് ചെയ്തത്. ഇവർക്ക് നേരിട്ട് പരിചയമില്ലായിരുന്നുവെങ്കിലും ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് വിവരങ്ങൾ കൈമാറിയിരുന്നത്.
സമൂഹമാധ്യമങ്ങളിൽ ലഭ്യമായ ഫോട്ടോകൾ ദുരുപയോഗം ചെയ്ത് കൃത്രിമം കാണിക്കുന്ന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രമുഖ കോളേജുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഈ ശൃംഖലയെക്കുറിച്ചുള്ള സൈബർ പരിശോധനകൾ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി അതീവ ജാഗ്രതയോടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, കുറ്റക്കാരായ ആരെയും വെറുതെവിടില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ മാതാപിതാക്കളും വിദ്യാർത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.