Blog Post

Karanavars > News > Climate > പൊള്ളുന്ന ചൂടിൽ കെ.എസ്.ഇ.ബി പ്രതിസന്ധിയിൽ; ജനങ്ങൾ വലയുന്നു

പൊള്ളുന്ന ചൂടിൽ കെ.എസ്.ഇ.ബി പ്രതിസന്ധിയിൽ; ജനങ്ങൾ വലയുന്നു

സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധിയും ചൂടും ജനജീവിതം ദുസ്സഹമാക്കുന്നു. ഇന്നലെ കേരളത്തിൽ പലയിടത്തും താപനില ഉയർന്ന നിലയിൽ തുടരുകയും, ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 500 മുതൽ 800 മെഗാവാട്ട് വരെ അധിക വൈദ്യുതിയാണ് ഇപ്പോൾ ആവശ്യമായി വരുന്നത്.

കാലവർഷം ദുർബലമായതും മഴ മാറിനിൽക്കുന്നതുമാണ് അന്തരീക്ഷ താപനില അപ്രതീക്ഷിതമായി ഉയരാൻ കാരണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പലയിടത്തും താപനില സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. ഇന്നലെ പുനലൂരിൽ 36.2 ഡിഗ്രി സെൽഷ്യസും, കോട്ടയത്ത് 35.2 ഡിഗ്രി സെൽഷ്യസുമാണ് ചൂട് രേഖപ്പെടുത്തിയത്.

കടുത്ത ചൂടിനെത്തുടർന്ന് വീടുകളിലും ഓഫീസുകളിലും ഫാനുകളുടെയും എയർകണ്ടീഷണറുകളുടെയും ഉപയോഗം വർധിച്ചതാണ് പവർക്കറ്റിന് കാരണമായത്. രാജ്യവ്യാപകമായി വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടുന്നതും പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും കേരളത്തിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.എസ്.ഇ.ബി അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം (പവർകട്ട്) ഏർപ്പെടുത്തുകയുണ്ടായി. പീക്ക് സമയങ്ങളിൽ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്നാണ് ബോർഡ് നൽകുന്ന മുന്നറിയിപ്പ്.

കടുത്ത ചൂടും സൂര്യാഘാത സാധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. മഴ ലഭിക്കുന്നതോടെ താപനില കുറയുകയും വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *