ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിംഗിൽ ഗ്രാമ-നഗര വ്യത്യാസങ്ങൾ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവൻ ഗ്രാമീണ ഉപഭോക്താക്കൾക്കും ഇനിമുതൽ 25 ദിവസത്തിന്റെ ഇടവേളയിൽ എൽ.പി.ജി സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ഇന്നലെ അറിയിച്ചു. ഇതുവരെ ഗ്രാമപ്രദേശങ്ങളിൽ അടുത്ത സിലിണ്ടറിനായി 45 ദിവസത്തെ കാത്തിരിപ്പ് സമയം നിർബന്ധമാക്കിയിരുന്ന നിയമമാണ് ഇതോടെ പൂർണ്ണമായി ഒഴിവാക്കപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത സംഘർഷങ്ങളെ തുടർന്ന് ഗ്യാസ് ലഭ്യതയിലുണ്ടായ തടസ്സങ്ങളും കരിഞ്ചന്തയും തടയുന്നതിനാണ് സർക്കാർ താൽക്കാലികമായി ഗ്രാമങ്ങളിൽ 45 ദിവസത്തെയും നഗരങ്ങളിൽ 25 ദിവസത്തെയും വ്യത്യസ്ത ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ രാജ്യത്തെ പാചകവാതക വിതരണ സ്ഥിതി സാധാരണ നിലയിലാവുകയും ബാക്ക്ലോഗുകൾ ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങൾ ലഘൂകരിച്ചതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) തുടങ്ങിയ എണ്ണക്കമ്പനികൾക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം മന്ത്രാലയം കൈമാറിയിട്ടുണ്ട്. പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും നഗര-ഗ്രാമ ഭേദമന്യേ എല്ലാ ഉപഭോക്താക്കൾക്കും ഇനി 25 ദിവസത്തിനുള്ളിൽ റീഫിൽ ബുക്ക് ചെയ്യാം എന്നും മന്ത്രി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഗ്രാമീണ മേഖലകളിലെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്ന ഈ നടപടിയെ ഉപഭോക്താക്കളും വിതരണക്കാരും ഒരുപോലെ സ്വാഗതം ചെയ്തിട്ടുണ്ട്.