Blog Post

Karanavars > News > Health >  പകർച്ചവ്യാധിയിൽ കേരളം: പനി ബാധിച്ച് പതിനായിരങ്ങൾ ചികിത്സയിൽ; ആശങ്കയായി എലിപ്പനിയും ഡെങ്കിപ്പനിയും

 പകർച്ചവ്യാധിയിൽ കേരളം: പനി ബാധിച്ച് പതിനായിരങ്ങൾ ചികിത്സയിൽ; ആശങ്കയായി എലിപ്പനിയും ഡെങ്കിപ്പനിയും

അന്തരീക്ഷ താപനിലയിലെ വ്യതിയാനത്തിനൊപ്പം കേരളത്തിൽ പകർച്ചവ്യാധികളും അതിവേഗം പടരുന്നു. ഗ്രാമ-നഗര ഭേദമന്യേ പനിയും അനുബന്ധ രോഗങ്ങളും പടർന്നുപിടിക്കുമ്പോൾ ആരോഗ്യരംഗം കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ഒരുപോലെ പടരുന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ഇന്നലെ മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 10,922 പേരാണ്. ഇതിൽ മലപ്പുറം, തൃശൂർ ജില്ലകളിലാണ് രോഗബാധിതർ കൂടുതലുള്ളത്. മലപ്പുറത്ത് മാത്രം 2,454 പേർ ഇന്നലെ പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തി. വിവിധ ജില്ലകളിലായി 51 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്നുണ്ട്.

പനിക്കൊപ്പം എലിപ്പനിയും കടുത്ത ഭീഷണിയാകുന്നുണ്ട്. ഈ മാസം ഇതുവരെയായി 9 എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 13 പേർക്ക് എലിപ്പനിയും, 6 പേർക്ക് മലേറിയയും, 3 പേർക്ക് ഷിഗെല്ലയും ബാധിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. പനിയുടെ ലക്ഷണങ്ങളുമായി എത്തുന്നവരിൽ പലരിലും രോഗം ഭേദമാവാൻ ദിവസങ്ങളെടുക്കുന്നതും, കടുത്ത ക്ഷീണവും ചുമയും നീണ്ടുനിൽക്കുന്നതും ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. രോഗം തടയുന്നതിന്റെ ഭാഗമായി വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും, കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി ലക്ഷണങ്ങൾ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *