സംസ്ഥാനത്ത് രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് സെപ്റ്റംബർ മാസത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി (KSEB) അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായുള്ള ഊർക്ഷാമവും കടുത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണം.
ഇന്ന് വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്ന പീക്ക് ഹവർ സമയങ്ങളിൽ സംസ്ഥാനത്ത് 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ സെപ്റ്റംബർ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉപഭോഗത്തിൽ ഉണ്ടായിരിക്കുന്നത്. മഴ കുറഞ്ഞതും അന്തരീക്ഷ താപനില വർദ്ധിച്ചതുമാണ് എയർകണ്ടീഷണറുകൾ ഉൾപ്പെടെയുള്ള കൂളിംഗ് ഉപകരണങ്ങളുടെ ഉപയോഗം കൂട്ടാൻ കാരണം.
രാജ്യത്തുടനീളം ഏകദേശം 12,000 മെഗാവാട്ടിന്റെ ഊർ്ക്ഷാമം നിലനിൽക്കുന്നതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ഗ്രീഡിന്റെ സുരക്ഷ മുൻനിർത്തി വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. പ്രതിസന്ധി മറികടക്കാൻ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പീക്ക് സമയങ്ങളിൽ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.