മലയാള ചലച്ചിത്ര രംഗത്തെയും സാംസ്കാരിക ലോകത്തെയും ദുഃഖത്തിലാഴ്ത്തികൊണ്ട് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആർ. ശരത് അന്തരിച്ചു. കരള്രോഗ ബാധയെ തുടര്ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന് 65 വയസ്സായിരുന്നു.
നിരൂപകശ്രദ്ധ നേടിയ ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ആർ. ശരത്. അദ്ദേഹം സംവിധാനം ചെയ്ത ‘സായാഹ്നം’ എന്ന സിനിമ ഒരേസമയം നിരവധി സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടി ചരിത്രം സൃഷ്ടിച്ചിരുന്നു. ‘സായാഹ്നം’ കൂടാതെ ‘സ്ഥിതി’, ‘ശീലാബതി’, ‘ബുദ്ധന് ചിരിക്കുന്നു’, ‘പറുദീസ’ തുടങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതിൽ സെക്രട്ടേറിയറ്റ് ജീവനക്കാരായ ദമ്പതികളുടെ കഥ പറഞ്ഞ ‘സ്ഥിതി’യും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒരു ഡോക്യുമെന്ററി സംവിധായകനായാണ് അദ്ദേഹം കലാജീവിതം ആരംഭിക്കുന്നത്. രാജാ രവിവർമ്മയുടെ അപൂർവ്വ ചുവർചിത്രങ്ങൾ പുറത്തുകൊണ്ടുവന്ന ‘ദി പെയിന്റഡ് എപ്പിക്സ്’ എന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ദേശീയ-അന്തർദേശീയ തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
സിനിമയ്ക്ക് പുറമെ കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായും, ഭാരത് ഭവൻ സെക്രട്ടറിയായും, വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഡയറക്ടറായും അദ്ദേഹം മികവോടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച ഒരു മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമൊക്കെയായി തിളങ്ങിയ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ: കെ.ഐ ബിന്ദു. മക്കൾ: അഭിജിത്ത് ശരത്, അഭിരാം ശരത്.