Blog Post

Karanavars > News > Goverment > ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം

ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് ഒരു വയസ്സുകാരി അനുഭവിച്ചത് ഒരു വർഷത്തോളം നീണ്ട കടുത്ത യാതന. കഴിഞ്ഞ വർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പ്രസവത്തിനിടയിലാണ് ഗുരുതര വീഴ്ചയെന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെടുന്നു.

ജനനത്തോടനുബന്ധിച്ച് പനിയും മഞ്ഞപ്പിത്തവും ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ (NICU) പ്രവേശിപ്പിച്ചിരുന്നു. ഈ ചികിത്സാ ഘട്ടത്തിലാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് കുഞ്ഞിന്റെ ശരീരത്തിൽ തടിപ്പും അസ്വസ്ഥതകളും കണ്ടെങ്കിലും, കോട്ടയം മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ സ്കാനിംഗിൽ കുഴപ്പമില്ലെന്ന് പറഞ്ഞ് അധികൃതർ മടക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ നിർദ്ദിഷ്ട ഭാഗത്ത് സ്കാനിംഗ് നടത്തിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.

കഴിഞ്ഞദിവസം കുഞ്ഞിന്റെ ശരീരത്തിൽ വീണ്ടും വലിയ രീതിയിൽ തടിപ്പും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ വിദഗ്ധ പരിശോധനയിലും ശസ്ത്രക്രിയയിലുമാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ സൂചി ഉണ്ടെന്ന് കണ്ടെത്തുകയും അത് വിജയകരമായി പുറത്തെടുക്കുകയും ചെയ്തത്. ഇന്നലെ പുറത്തുവന്ന ഈ വാർത്ത വലിയ ഞെട്ടലാണ് കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്.

സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പൈതൽ ഒരു വർഷത്തോളം വേദന കടിച്ചമർത്തി ജീവിക്കാൻ ഇടയാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് വ്യാപകമായ ആവശ്യം ഉയരുന്നത്.

Leave a comment

Your email address will not be published. Required fields are marked *