Blog Post

Karanavars > News > Court >  നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതംമൂലം : സമാധി വിവാദ കേസ് അവസാനിപ്പിച്ചു

 നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതംമൂലം : സമാധി വിവാദ കേസ് അവസാനിപ്പിച്ചു

കേരളത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് വിരാമം. ഇന്ന് പുറത്തുവന്ന അന്തിമ റിപ്പോർട്ടുകൾ പ്രകാരം ഗോപന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് പൊലീസ് കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചു. മരണത്തിൽ അസ്വാഭാവികതയോ കൊലപാതക സാധ്യതയോ ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ സ്വാമി സമാധിയായെന്ന അവകാശവാദവുമായി കുടുംബാംഗങ്ങളും മക്കളും വീടിനു സമീപം പോസ്റ്ററുകൾ പതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അച്ഛൻ സമാധിയായതാണെന്നും അതിനാൽ കല്ലറ നിർമിച്ചു സംസ്കരിച്ചെന്നുമുള്ള കുടുംബത്തിന്റെ വാദം നാട്ടുകാരിൽ വലിയ തോതിലുള്ള സംശയങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു. മരണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഇല്ലാതിരുന്നതിനാൽ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കല്ലറ പൊളിച്ച് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി അനുമതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഗോപന്റേത് സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതമാണ് കാരണമെന്നും കണ്ടെത്തുകയായിരുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങളിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് ഏറെ ചർച്ച ചെയ്യപ്പെട്ട സമാധി വിവാദ കേസിലെ അന്വേഷണം പൊലീസ് പൂർണ്ണമായി അവസാനിപ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *