കേരള ക്രിക്കറ്റ് ലീഗിൽ (KCL) നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയത്തുടക്കം. ഇന്നലെ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റൺസിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കൊല്ലം സെയിലേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസിന്റെ വലിയൊരു സ്കോർ പടുത്തുയർപ്പിച്ചു. മികച്ച ഫോമിൽ കളിച്ച ഓപ്പണർ വിനൂപ് മനോഹരൻ (37) ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും, ഇടവേളകളിൽ വിക്കറ്റുകൾ വീണത് കൊച്ചിക്ക് ചെറിയ തിരിച്ചടിയായി. എന്നാൽ ഒൻപതാം നമ്പറിലെത്തി കളംനിറഞ്ഞുകളിച്ച സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ചേർന്ന് നടത്തിയ അതിശയകരമായ തിരിച്ചുവരവാണ് കൊച്ചി ഇന്നിങ്സിന് കരുത്തായത്. വെറും 32 പന്തുകളിൽ നിന്ന് 3 ഫോറും 5 സിക്സും അടക്കം 58 റൺസ് വാരിയ സച്ചിൻ സുരേഷ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് മികച്ച പിന്തുണ നൽകിയ കാർത്തിക് ബി. നായർ 17 പന്തുകളിൽ നിന്ന് 38 റൺസുമായി പുറത്താകാതെ നിന്നു. അവസാന അഞ്ച് ഓവറിൽ മാത്രം ഈ സഖ്യം 78 റൺസാണ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. കൊല്ലം നിരയിൽ അഭിഷേക് നായർ , ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് , അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ നിന്ന ഷറഫുദ്ദീൻ എന്നിവർ പൊരുതി നോക്കിയെങ്കിലും കൊച്ചി ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനം വിജയം എളുപ്പമാക്കി. കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കെ. എം. ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ടീമിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു .