രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ സർക്കാർ സ്കൂളിന്റെ ദയനീയവസ്ഥ പരിശോധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്ക് നേരെ ഇന്ന് ക്രൂരമായ കയ്യേറ്റമുണ്ടായി. ജയ്പൂരിലെ റാംപുര കൻവാർപുര ഗ്രാമത്തിലെ പ്രൈമറി സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി സഹ-കൺവീനർ അശുതോഷ് റങ്കയ്ക്കും ഒപ്പമുണ്ടായിരുന്ന വോളണ്ടിയർമാർക്കുമാണ് മർദനമേറ്റത്.
സ്കൂളിൽ വിദ്യാർഥികളെ കന്നുകാലികൾക്കൊപ്പം തൊഴുത്തിലിരുത്തി പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്ന് ‘സ്കൂൾ ഠീക് കരോ’ ക്യാംപയിന്റെ ഭാഗമായി സംഘം എത്തിയതായിരുന്നു. എന്നാൽ ഗ്രാമത്തിലേക്ക് പ്രവേശിച്ച ഇവർക്ക് നേരെ ബിജെപി അനുകൂല മുദ്രാവാക്യങ്ങളുമായി എത്തിയ സംഘം കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഒരു വോളണ്ടിയറുടെ കൈ ഒടിഞ്ഞതായും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും സിജെപി വൃത്തങ്ങൾ വ്യക്തമാക്കി.
ഭരണകക്ഷിയായ ബിജെപിയുടെ ഒത്താശയോടെയാണ് ഈ ഗുണ്ടാവിളയാട്ടമെന്നും രാജസ്ഥാൻ പൊലീസിന്റെ നിഷ്ക്രിയത്വമാണ് ഇതിന് കാരണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ രൂക്ഷമായി വിമർശിച്ചു. പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെ യഥാർത്ഥ അവസ്ഥ പുറത്തുകൊണ്ടുവരുന്നത് തടയാനാണ് ഇത്തരം ഭീഷണികളെന്നും, എത്ര ആക്രമണമുണ്ടായാലും സ്കൂളുകളുടെ നവീകരണത്തിനായുള്ള പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ലെന്നും സിജെപി നേതൃത്വം അറിയിച്ചു.