Blog Post

Karanavars > News > crime > കരുവാറ്റ കൊലപാതകം: മുത്തച്ഛനെ വകവരുത്താൻ 13കാരിയുടെ ക്രൂരമായ ആസൂത്രണം

കരുവാറ്റ കൊലപാതകം: മുത്തച്ഛനെ വകവരുത്താൻ 13കാരിയുടെ ക്രൂരമായ ആസൂത്രണം

ആലപ്പുഴ കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ ശിവൻകുട്ടിയുടെ 13 വയസ്സുള്ള കൊച്ചുമകളും സുഹൃത്തുക്കളുമായ പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരെയും ഹരിപ്പാട് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തു. ഐഫോണും ബൈക്കും വാങ്ങുന്നതിനായി വീട്ടിലെ സ്വർണ്ണവും പണവും കവരാനാണ് എട്ടാം ക്ലാസുകാരിയായ പെൺകുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.

തുടക്കത്തിൽ കല്ല് തലയിലിട്ട് കൊലപ്പെടുത്താനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. എന്നാൽ ഇത് എളുപ്പമാകില്ലെന്ന് കണ്ട് പിന്നീട് ‘പ്ലാൻ ബി’ നടപ്പിലാക്കുകയായിരുന്നു. ഭാര്യയും മകളും ആശുപത്രിയിലായിരുന്ന സമയത്ത് വീട്ടിനുള്ളിൽ ഒറ്റയ്ക്കായ വയോധികനെ പ്രതികൾ അതിക്രൂരമായി മർദ്ദിച്ചു. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചും കൈകാലുകൾ ബന്ധിച്ചുമാണ് കൊലപ്പെടുത്തിയത്. തെളിവുകൾ നശിപ്പിക്കുന്നതിനായി വീടിനുള്ളിൽ മുളകുപൊടിയും വിതറിയിരുന്നു.

കൃത്യം നടക്കുന്ന സമയത്ത് പെൺകുട്ടി വീഡിയോ കോളിലൂടെ ഇത് തത്സമയം കണ്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഒന്നുമറിയാത്തതുപോലെ മുത്തച്ഛനെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിച്ചതും ഈ പെൺകുട്ടിയാണ്. എന്നാൽ ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ മൊഴികളിലുണ്ടായ വൈരുദ്ധ്യമാണ് കേസിൽ നിർണ്ണായക വഴിതിരിവായത്. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *