ബിജെപി നേതൃത്വവുമായി നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ച് നടൻ ദേവൻ. ഇന്നലെ ആലപ്പുഴ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന പൊതുചടങ്ങിൽ വെച്ചാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം പുറത്തുവിട്ടത്. കേരളത്തിലെ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനശൈലിയിൽ കടുത്ത അവഗണന നേരിട്ടുവെന്നും, പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്നും ദേവൻ ആരോപിച്ചു.
കഴിഞ്ഞ കുറേ മാസങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കാൻ ആവശ്യമായ ഇടം ലഭിക്കുന്നില്ലെന്നും തനിക്ക് നൽകിയ വൈസ് പ്രസിഡന്റ് പദവി മാറ്റിയത് പോലും ഔദ്യോഗികമായി അറിയിക്കാൻ നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാൻ പോലും തയ്യാറായില്ല. ദേശീയ നേതൃത്വത്തെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ ഊന്നിയുള്ള രാഷ്ട്രീയ നിലപാടുകളിൽ നിന്നും കേരളത്തിലെ ബിജെപി ഘടകം വ്യതിചലിച്ചുവെന്നും ദേവൻ വിമർശിച്ചു.
2021-ൽ താൻ രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടി (കെ.പി.പി) ബിജെപിയിൽ ലയിപ്പിച്ചാണ് അദ്ദേഹം പാർട്ടിയിലേക്ക് എത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാനാകില്ലെന്നും, ഭാവിയിൽ താൻ മുൻപ് രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ടുപോകുമെന്നും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കും പോകില്ലെന്നും ദേവൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് വിവാദങ്ങളും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും ചർച്ചയാകുന്നതിനിടയിലാണ് നടൻ ദേവന്റെ ഈ രാജി പ്രഖ്യാപനം.